മിന്നാമിന്നിക്കൂട്ടം വരുന്നു

PROPRO
സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍ യുവ താരങ്ങളെ വച്ച് ചിത്രമെടുക്കാനും വിജയിപ്പിക്കാനും ആകുമെന്ന് തെളിയിച്ച വളരെ കുറച്ച് സംവിധായകരില്‍ പ്രമുഖനാണ് കമല്‍. ഇടയ്‌ക്ക് സൂപ്പര്‍ താരങ്ങളുടെ പിന്നാലെ പോയെങ്കിലും മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിലൂടെ യുവ താരങ്ങളുമായി വീണ്ടും എത്തുകയാണ് മലയാളത്തിന്‍റെ യാശ് ചോപ്ര.

ഐ ടി മേഖയിലെ യുവാക്കളുടെ പ്രശ്‌നങ്ങളാണ് ഇത്തവണ കമല്‍ പറയുന്നത്. സൈബര്‍ പ്രൊഫഷണലുകളുടെ പ്രണയവും വിരഹവും സൌഹൃദവും മുഖ്യ വിഷയമാകുന്ന ചിത്രത്തില്‍ നരേന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, മീരാ ജാസ്മിന്‍, റോമ, സംവൃതാസുനില്‍, രാധിക, അനൂപ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷ വേഷത്തില്‍ എത്തുന്നു.

സുഹൃത്തുക്കളും ഒരേ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമാണ് അഭിലാഷ്, ചാരുലത, സിദ്ധാര്‍ത്ഥന്‍, മുംതാസ്, റോസ്മേരി, മാണിക്കുഞ്ഞ്, പാര്‍ത്ഥസാരഥി, കല്യാണി എന്നിവര്‍.അതിനു പുറമേ ഒരേ ഫ്ലാറ്റിലാണ് ഇവര്‍ താമസിക്കുന്നതും പരസ്പരം സഹായവും സ്നേഹവും പങ്കു വയ്‌ക്കുന്ന ഇവരില്‍ ഓരോരുവരുടെയും പ്രശ്‌നങ്ങളില്‍ എല്ലാവരും ഉണ്ട്.

ഒരിക്കല്‍ ഒരു സംഭവത്തെ തുടര്‍ന്ന് സംഘത്തിലെ ചാരുലതയ്‌ക്ക് പോകേണ്ടി വരുന്നത് വിദേശത്തേക്കാണ്. ഈ പ്രശ്‌നം സൌഹൃദക്കൂട്ടത്തെ പാടെ മാറ്റിമറിക്കുന്നതെങ്ങനെ എന്ന് പറയാന്‍ ശ്രമിക്കുകയാണ് കമല്‍. സൈബര്‍ യുവത്വം വെറും പാവയല്ലെന്നും മനസ്സുകളില്‍ നന്‍‌മയും മനുഷ്യത്വവും സൂക്ഷിക്കുന്നുണ്ടെന്നും കമല്‍ ചിത്രത്തിലൂടെ പറയുന്നു.

ചിത്രത്തില്‍ അഭിലാഷാകുന്നത് നരേനാണെങ്കില്‍ മീരാ ജാസ്മിന്‍ ചാരുലതയാകുന്നു. ജയസൂര്യ മാണിക്കുഞ്ഞ് എന്ന കഥാപാത്രത്തെയും റോമ റോസ് മേരിയേയും അവതരിപ്പിക്കുന്നു. ഇവര്‍ക്ക് പുറമേ സയ് കുമാര്‍, സലീം കുമാര്‍, മാമുക്കോയ, ടി ജി രവി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മജീദ്, പി ശ്രീകുമാര്‍ എന്നിവരെല്ലാം പ്രധാന വേഷത്തിലുണ്ട്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ഗോളിനു ശേഷം കമല്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നെഹാര്‍ ഫിലിം‌സിന്‍റെ ബാനറില്‍ രാഖി രമേഷാണ് നിര്‍മ്മിക്കുന്നത്. എറണാകുളത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. അനില്‍ പനച്ചൂരാന്‍, ബിജിലാല്‍ ടീമാണ് പാട്ടെഴുത്തും സംഗീതവും. ക്യാമറ മനോജ് പിള്ള കൈകാര്യം ചെയ്യുന്നു. മുളകുപാടം റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക