മമ്മൂട്ടി ജയനെ അനുകരിക്കുന്നു!

വെള്ളി, 3 ജൂലൈ 2009 (20:21 IST)
PROPRO
ജനപ്രീതിയാര്‍ജിച്ച താരങ്ങളെ അനുകരിക്കാനുള്ള ത്വര സിനിമയുടെ ആരംഭകാലം തൊട്ടേ ഉള്ളതാണ്. തെന്നിന്ത്യന്‍ നടനായ രഘുവരന്‍ ഹോളിവുഡ് താരമായ റോബര്‍ട്ട് ഡി നീറോയെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ഹിന്ദി താരമായ ദിലീപ് കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പല സിനിമകളിലും മമ്മൂട്ടിയെ അനുകരിക്കാന്‍ നോക്കിയിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ സമ്മതിക്കുകയുണ്ടായി. ഇതാ ഇപ്പോള്‍ സാക്ഷാല്‍ മമ്മൂട്ടിയും ഒരു പ്രശസ്ത നടനെ അനുകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ ‘മാച്ചോ’ നായകനായ ജയനെയാണ് മമ്മൂട്ടി അനുകരിക്കാന്‍ ശ്രമിച്ചത്. ചുമ്മാ അനുകരണമല്ല, ശരിക്കും അസല്‍ അനുകരണം. ജയന്‍ അണിഞ്ഞ് അഭിനയിച്ചിരുന്ന പോലത്തെ ബെല്‍‌ബോട്ടം പാന്റ്സും പുറം കോട്ടും ആനയുടെ ചെവി പോലുള്ള കോളറുകളുള്ള ചുവന്ന ഉള്‍‌ക്കുപ്പായവും ഒക്കെയിട്ടാണ് ജയനെ മമ്മൂട്ടി അനുകരിക്കുന്നത്. ജയനെ അനുകരിക്കാന്‍ മമ്മൂട്ടിക്കിത് എന്തുപറ്റിയെന്ന് ചോദിക്കാന്‍ വരട്ടെ. ‘പട്ടണത്തില്‍ ഭൂതം’ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലാണ് മമ്മൂട്ടിയുടെ ജയന്‍ വേഷം.

ജയനും നസീറും ഒരുമിച്ചഭിനയിച്ച ‘ലവ് ഇന്‍ സിങ്കപ്പൂര്‍’ എന്ന സിനിമയിലെ ‘ചാം ചക്ക ചൂം ചക്ക ചുമരിചക്ക ചാം’ എന്ന ഗാനമാണ് ‘പട്ടണത്തില്‍ ഭൂത’ത്തില്‍ റീമിക്സായി എത്തുന്നത്. ജയനെ അനുകരിച്ചുകൊണ്ടുള്ള ചലനങ്ങളുമായി മമ്മൂട്ടിയെത്തുമ്പോള്‍ നായികയെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. പച്ച മിഡിയും ടോപ്പുമണിഞ്ഞ്, ചുണ്ടില്‍ ലിപ്സ്റ്റിക്കുമിട്ട് മമ്മൂട്ടിക്കൊപ്പം സുരാജ് ആടിപ്പാടുന്നു.

സൂപ്പര്‍താരം മമ്മൂട്ടി ഭൂതമായും ബൈക്ക് റൈഡറായുമെത്തുന്ന ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. സൂപ്പര്‍ഹീറോ ഗെറ്റപ്പില്‍ മമ്മൂട്ടിയെ സ്ക്രീനിലെത്തിക്കുന്നത് സംവിധായകന്‍ ജോണി ആന്‍റണി. കാവ്യ മാധവന്‍, മമ്മൂട്ടിയുടെ നായികയാവുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും പട്ടണത്തില്‍ ഭൂതത്തിനുണ്ട്. കോഫി@ എംജി റോഡിലൂടെ പ്രശസ്തനായ ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജൂലൈ ഒന്‍പതിന് ഭൂതം തീയേറ്ററുകളിലെത്തും.

വെബ്ദുനിയ വായിക്കുക