മമ്മൂട്ടി കളത്തിലില്ല, പകരം മോഹന്‍ലാലിന് വെല്ലുവിളിയായി പൃഥ്വിയുണ്ട്!

വെള്ളി, 26 ഓഗസ്റ്റ് 2016 (18:31 IST)
ഓണത്തിന് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ഒപ്പം തിയേറ്ററുകളിലെത്തും. വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ച് ഉള്ളത്. മമ്മൂട്ടിച്ചിത്രങ്ങളൊന്നും ഓണത്തിനെത്തുന്നില്ല. അതുകൊണ്ട് ഓണക്കാലത്ത് ഈസിയായി വിജയിച്ചുകയറാമെന്ന ചിന്ത ഒപ്പം ടീമിന് വേണ്ടെന്ന മുന്നറിയിപ്പുയര്‍ത്തി ചില മികച്ച സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
 
അതിലൊന്ന് ജീത്തു ജോസഫ് - പൃഥ്വിരാജ് ടീമിന്‍റെ ‘ഊഴം’ ആണ്. ഒരു റിവഞ്ച് ത്രില്ലറായ സിനിമ ഒപ്പത്തിന് വലിയ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല. 
 
ദിലീപ് ചിത്രമായ ‘വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍’ വലിയ വിജയപ്രതീക്ഷയുണര്‍ത്തി വരുന്ന സിനിമയാണ്. ദിലീപിന് സല്ലാപം സമ്മാനിച്ച സുന്ദര്‍ദാസാണ് ചിത്രം ഒരുക്കുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥ.
 
കുഞ്ചാക്കോ ബോബന്‍ ഉദയായുടെ ബാനറില്‍ നിര്‍മ്മിക്കുന്ന കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ ആണ് മറ്റൊരു സിനിമ. സിദ്ദാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദയാണ് മറ്റൊരു ഹിറ്റ് പ്രതീക്ഷ. കൌതുകമുണര്‍ത്തുന്ന പേരില്‍ വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു.
 
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ഒരേ മുഖം ഓണത്തിനെത്തുന്ന സിനിമയാണ്. സജിത് ജഗന്നാഥന്‍ ചിത്രം സംവിധാനം ചെയ്യുന്നു.
 
ചിയാന്‍ വിക്രം നായകനാകുന്ന ഇരുമുഖനാണ് മലയാള സിനിമകള്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തി ഓണക്കാലത്ത് തമിഴകത്തുനിന്നെത്തുന്ന ത്രില്ലര്‍. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍‌താരയാണ് നായിക.

വെബ്ദുനിയ വായിക്കുക