പരാജയങ്ങളുടെ തുടര്‍ക്കഥയാണ് മമ്മൂട്ടിക്ക്. ഇതില്‍ നിന്ന് കരകയറാനായി വളരെ പ്ലാന്‍ ചെയ്ത് ചില പ്രൊജക്ടുകള്‍ ഡിസൈന്‍ ചെയ്ത് വരുന്നുണ്ട്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യൂഡല്‍ഹി പോലെയോ രാജമാണിക്യം പോലെയോ ഒരു വമ്പന്‍ ഹിറ്റ് മമ്മൂട്ടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ മലയാളത്തിലെ സൂപ്പര്‍ സംവിധായകരുമായി അങ്ങനെയുള്ള പ്രൊജക്ടുകള്‍ ഡിസ്കഷനിലാണ്.
മമ്മൂട്ടിയും ലാല്‍ ജോസും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. കമലിന്‍റെ സഹായിയായിരിക്കുമ്പൊഴേ ലാല്‍ ജോസ് മമ്മൂട്ടിയുമായി അടുത്തബന്ധം സ്ഥാപിച്ചതാണ്. ലാലുവിന്‍റെ ആദ്യചിത്രമായ മറവത്തൂര്‍ കനവില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ‘പട്ടാളം’ എന്ന ചിത്രമൊരുക്കി. കേരളാ കഫെ സിനിമാപരമ്പരയില്‍ ‘പുറംകാഴ്ചകള്‍’ എന്ന ലഘുചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിച്ചു.
ഒരു വന്‍ ഹിറ്റ് ലക്‍ഷ്യമിട്ട് മമ്മൂട്ടി ലാല്‍ ജോസിനൊപ്പം ചേരുകയാണ്. ‘ഇമ്മാനുവല്‍’ എന്നാണ് ചിത്രത്തിന് പേര്. മറവത്തൂര്‍ കനവിലെ ചാണ്ടിയെപ്പോലെ തികച്ചും വ്യത്യസ്തമായ ഒരു നസ്രാണിക്കഥാപാത്രമായിരിക്കും ഇമ്മാനുവലും. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയുടെ ഭാവി മമ്മൂട്ടിക്ക് നിര്‍ണായകമായിരിക്കും. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുകയാണ്.
സംവിധായകനായി പതിനഞ്ച് വര്‍ഷമായിട്ടും ലാല്‍ ജോസ് ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്തിട്ടില്ല. ‘കസിന്‍സ്’ എന്നൊരു പ്രൊജക്ട് ആലോചിച്ച ശേഷം പിന്നീട് ഉപേക്ഷിച്ചു. “ഒരു സിനിമയ്ക്ക്, ഒരു കഥാപാത്രത്തിന് മോഹന്‍ലാല്‍ അത്യാവശ്യമാണെന്ന് തോന്നുന്ന സമയത്ത് ആ സിനിമയുണ്ടാകും. ഏത് സമയത്തും അങ്ങനെ സംഭവിക്കാം. പക്ഷേ, നിലവില്‍ അങ്ങനെയുള്ള പദ്ധതികളൊന്നുമില്ല” - ലാല്‍ ജോസ് വ്യക്തമാക്കുന്നു.
വാല്‍ക്കഷണം: മറ്റൊരു ലാല്‍ ജോസ് പ്രൊജക്ടിന്‍റെ ആദ്യവിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ‘വിക്രമാദിത്യന്‍’ എന്നാണ് സിനിമയുടെ പേര്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിവരികയാണ്. ഫോര്‍ട്ടുകൊച്ചിയായിരിക്കും ലൊക്കേഷന്‍. താരങ്ങളെ തീരുമാനിച്ചിട്ടില്ല.