പ്രെയ്‌സ് ദി ലോര്‍ഡ് കഴിഞ്ഞു, ഇനി അല്‍പ്പം മന്ത്രവാദം!

ബുധന്‍, 26 നവം‌ബര്‍ 2014 (19:48 IST)
മമ്മൂട്ടി നായകനായ 'പ്രെയ്സ് ദി ലോര്‍ഡ്' ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കാത്ത സിനിമയാണ്. എന്നാല്‍ അതൊരു നല്ല സിനിമയായിരുന്നു. സക്കറിയയുടെ കഥയെ ഉപജീവിച്ചുണ്ടാക്കിയത്.
 
ആ ചിത്രത്തിന്‍റെ സംവിധായകന്‍ ഷിബു ഗംഗാധരന്‍ തന്‍റെ രണ്ടാമത്തെ സിനിമയുടെ ജോലികളില്‍ പ്രവേശിച്ചുകഴിഞ്ഞു. സുനില്‍ പരമേശ്വരന്‍റെ രചനയില്‍ സുരേഷ്ഗോപിയെ നായകനാക്കി ഒരുക്കുന്ന സിനിമയ്ക്ക് 'രുദ്രസിംഹാസനം' എന്നാണ് പേരിട്ടിരിക്കുന്നത്. നിക്കി ഗില്‍‌റാണിയാണ് നായിക.
 
അനന്തഭദ്രത്തിന്‍റെ തിരക്കഥാകൃത്തായ സുനില്‍ പരമേശ്വരന്‍ ഈ ചിത്രത്തിനും നിഗൂഢതയുടെയും മന്ത്രവാദത്തിന്‍റെയും പശ്ചാത്തലം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. രുദ്രസിംഹന്‍ എന്ന കഥാപാത്രത്തെ സുരേഷ്ഗോപിയും ഹൈമവതി എന്ന നായികയെ നിക്കിയും അവതരിപ്പിക്കും.
 
വീരഭദ്രന്‍ എന്ന ദുര്‍മന്ത്രവാദിയായി സുധീര്‍ കരമനയും സമയത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായി നെടുമുടി വേണുവും രുദ്രസിംഹാസനത്തിലുണ്ട്. ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ കൂടി ചിത്രീകരിക്കുന്ന സിനിമയായി ഇത് മാറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക