നല്ല തമാശകളുമായി ബോളിവുഡിനെ ചിരിപ്പിക്കാന്‍ വീണ്ടും എത്തുകയാണ് ഇന്ത്യയിലെ കിടയറ്റ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍. ഇത്തവണയും പ്രിയന്‍റെ അക്കൌണ്ടില്‍ റീമേക്ക് തന്നെ. സിബി മലയില്‍ സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റാക്കിയ ഇഷ്ടമാണ് പ്രിയന്‍ പുതിയതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രം.
‘മേരെ ബാപ്പ് പെഹ്‌ലി ആപ്പ്’ എന്ന ചിത്രത്തില്‍ അക്ഷയ് ഖന്നയും ജെനെലിയാ ഡിസൂസയുമാണ് പ്രമുഖ താരങ്ങള്‍. ഇരുവര്‍ക്കും പുറമേ ഓം പുരി, പരേഷ് റാവല്‍ ശബാനാ ആസ്മി തുടങ്ങി ഒരുകൂട്ടം പ്രമുഖരുടെ നിരയുമുണ്ട്. പഴയതു പോലെ തന്നെ മനോഹരമായ കോമഡി രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രിയന്‍ പുതിയ ചിത്രവും ഒരുക്കുന്നത്.
വിവാഹിതനായ ചിരാഗിന്‍റെയും അവിവാഹിതനായ ഗൌരവിന്‍റെയും പിതാവാണ് ജനാര്‍ദ്ധന്‍ വിശ്വംഭര്‍ റാണെ. വിഭാര്യനായ വിശ്വംഭര്‍ റാണെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ചത് മക്കള്‍ക്കായിട്ടായിരുന്നു. കഴിയുന്ന എന്തും മക്കള്‍ക്കായി നല്‍കിയിരുന്ന റാണെയുടെ ഭാരം മുഴുവന്‍ വളര്‍ന്നതോടെ ഗൌരവ് ഏറ്റെടുത്തു. ചിരാഗാകട്ടെ സ്വന്തം കുടുംബത്തിന്‍റെ പരിധിയില്‍ കഴിയുന്നതിനാല്‍ അച്ഛനെയോ സഹോദരനെയോ ശ്രദ്ധിക്കുന്നതേയില്ല.
ഒരു വീട്ടില്‍ ഒരേ സ്വരത്തില്‍ കഴിയുന്ന ഗൌരവും റാണെയും സ്വന്തം ബിസിനസ്സുകള്‍ നല്ല രീതിയില്‍ തന്നെ നോക്കി നടത്തുന്നു. ഇളയ മകനാണെങ്കിലും പിതാവിനെ കുട്ടികളോട് എന്ന പോലെയാണ് ഗൌരവ് പരിഗണിക്കുന്നത്. പിതാവിനെ അച്ചടക്കം പഠിപ്പിക്കുന്നതിനായി ഭീഷണിപ്പെടുത്തുക, പൂട്ടിയിടുക, വഴക്കിടുക തുടങ്ങി എല്ലാം ഗൌരവ് ചെയ്യാറുണ്ട്.
റാണെയുടെ സുഹൃത്താണ് മാധവ് മതുര്‍. സ്വന്തം ഭാര്യയില്‍ നിന്നും വിവാഹ മോചനം ആഗ്രഹിക്കുന്ന മതുറിന്‍റെ പ്രധാന ഹോബി പെണ്‍കുട്ടികളെ തനിക്കായി വിവാഹാലോചന നടത്തുകയാണ്. വധുവിനെ അന്വേഷിച്ചു നടക്കുന്ന റാണെയും മധുറും മിക്കവാറും കുഴപ്പത്തില്‍ ചെന്ന് ചാടുമ്പോള്‍ രക്ഷിക്കാന്‍ എത്തുന്നത് ഗൌരവാണ്.
വളരെ തിരക്ക് പിടിച്ച് ബിസിനസ് നടത്തുന്നതിനിടയിലാണ് ഗൌരവിന് ശീഖ കപൂറിന്‍റെ ഫോണ്‍ വരുന്നത്. ഗൌരവിന്‍റേ പഴയ ഒരു സുഹൃത്തായിരുന്ന ശീഖ താമസിക്കുന്നത് അവളുടെ അദ്ധ്യാപിക അനുരാധയോടൊപ്പമാണ്. പരസ്പരം തിരിച്ചറിയാന്‍ ഗൌരവും ശീഖയും ശ്രമിക്കുന്നതിനിടയില്‍ അനുരാധയും റാണെയും കണ്ടുമുട്ടുന്നു. ഒരിക്കള്‍ കടുത്ത പ്രണയികളായിരുന്ന ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതോടെ റാണെ വീണ്ടും പ്രണയാതുരനാകുന്നു.
കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഗൌരവ് പിതാവിന്‍റെ നഷ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും ഇരുവരെയും ഒന്നിപ്പിക്കാനും ശ്രമിക്കുകയാണ്. എന്നാല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ തലപൊക്കുന്ന തോടെ ഈ തടസ്സങ്ങള്‍ ഗൌരവും ശീഷയും എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ചിത്രം പിന്നീട് പറയുന്നത്. മധുറാമിനെ ഓം പുരി അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുരാധയാകുന്നത് ശബാനാ ആസ്മിയാണ്. ജെനെലിയ ശീഖയാകുന്നു. നസറുദ്ദീന്‍ഷായാണ് മറ്റൊരു താരം.
തമാശയ്‌ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രിയന്‍റെ പ്രിയ താരം രജ്പാല്‍ യാദവും അര്‍ച്ചനാ പുരണ്‍ സിംഗും അഭിനയിക്കുന്നുണ്ട്. ഉഷ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം സാബു സിറിളും നിര്‍മ്മാണം കേതന്‍ മാരൂ മന്‍ഷി മാരൂ എന്നിവരുമാണ്.