പ്രഭാസ് വരും, മമ്മൂട്ടി വരില്ല!

ബുധന്‍, 3 മെയ് 2017 (12:13 IST)
എല്ലാവരും ബാഹുബലി 2ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തില്‍ മതിമറന്നുനില്‍ക്കുകയാണ്. ഇത്രയും വലിയ ഒരു വിജയം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ചിത്രത്തിലെ നായകന്‍ പ്രഭാസിന് കോടികള്‍ പ്രതിഫലവുമായി നിര്‍മ്മാതാക്കള്‍ ക്യൂവിലാണ്. എസ് എസ് രാജമൌലി തന്‍റെ അടുത്ത പ്രൊജക്ടിനെപ്പറ്റി മനസുതുറന്നിട്ടില്ല.
 
അതേസമയം, 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന മലയാള ചിത്രം മഹാഭാരതത്തില്‍ നിര്‍ണായക കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാഭാരതത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിലേക്ക് ഔദ്യോഗികമായി പ്രഭാസിനെ ക്ഷണിച്ചെന്നും പ്രഭാസ് ക്ഷണം സ്വീകരിച്ചെന്നുമാണ് സൂചന. മോഹന്‍ലാല്‍ ഭീമനാകുന്ന ചിത്രത്തില്‍ പ്രഭാസിന് ദുര്യോധനന്‍റെ വേഷമാണെന്നാണ് സൂചന.
 
മഹാഭാരതത്തില്‍ മമ്മൂട്ടിയെയും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. എന്നാല്‍ ഈ പ്രൊജക്ടില്‍ മമ്മൂട്ടി അഭിനയിക്കില്ല എന്നാണ് വിവരം. കര്‍ണന്‍, ദുര്യോധനന്‍, യുധിഷ്ഠിരന്‍ തുടങ്ങി ഈ പ്രൊജക്ടില്‍ മമ്മൂട്ടിക്ക് അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കേണ്ടെന്നുതന്നെയാണ് മമ്മൂട്ടി തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് അറിയുന്നത്. 
 
മമ്മൂട്ടി കര്‍ണനായി അഭിനയിക്കുന്ന, മധുപാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ദുര്യോധനനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ദളപതിയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 
 
രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഭീമം എന്ന നാടകമൊരുക്കിയപ്പോള്‍ അതില്‍ ഭീമനായത് മമ്മൂട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ഭീമനായല്ലാതെ മറ്റൊരു കഥാപാത്രമായി രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് താല്‍പ്പര്യവുമുണ്ടാവില്ല. 
 
അതേസമയം, രണ്ടാമൂഴത്തിന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക