പ്രണയനദിയില്‍ വള്ളമിറക്കി നിവിന്‍ പോളി!

ശനി, 14 ഫെബ്രുവരി 2015 (18:15 IST)
ലോകസിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാളചിത്രവുമായി നിവിന്‍ പോളി വരുന്നു! എന്താണ് പറഞ്ഞുവരുന്നത് എന്നല്ലേ? നിവിന്‍റെ 'പ്രേമം' എന്ന പുതിയ ചിത്രത്തേക്കുറിച്ചാണ്. അല്‍‌ഫോണ്‍സ് പുത്രന്‍റെ ഈ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
 
 "ലോകസിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം" - എന്നാണ് പോസ്റ്ററില്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന വാചകം. 'പ്രേമം' എന്ന ടൈറ്റില്‍ ഒരു ചിത്രശലഭത്തിന്‍റെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. നിവിന്‍ പോളിയും നായികയും വള്ളത്തില്‍ സഞ്ചരിക്കുന്ന ഒരു പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.
 
അഞ്ചാന്‍, ജിഗര്‍തണ്ട, മദ്രാസ് തുടങ്ങിയ തമിഴ് സിനിമകളുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത ട്യൂണി ജോണ്‍ ആണ് പ്രേമത്തിന്‍റെയും പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 
 
അന്‍‌വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ സംവിധായകന്‍ അന്‍‌വര്‍ റഷീദ് ആണ് പ്രേമം നിര്‍മ്മിക്കുന്നത്. കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, സിജു വില്‍‌സണ്‍, മണിയന്‍‌പിള്ള രാജു, വിനയ് ഫോര്‍ട്ട്, സൌബിന്‍ സാഹിര്‍ തുടങ്ങിയവരും പ്രേമത്തിലെ താരങ്ങളാണ്.
 
ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെ. ആനന്ദ് സി ചന്ദ്രന്‍ ആണ് ക്യാമറ. രാജേഷ് മുരുകേശന്‍ സംഗീതം നിര്‍വഹിക്കുന്നു.
 
ഒടുവിലാന്‍: അപ്പോള്‍ ന്യായമായും ഒരു സംശയം വരും. ലോകസിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത ആദ്യത്തെ മലയാള ചലച്ചിത്രം ഏതാണ് എന്ന്. അത് താന്‍ തന്നെ സംവിധാനം ചെയ്ത 'നേരം' ആണെന്ന് അല്‍‌ഫോണ്‍സ് പുത്രം ഫേസ്ബുക്കില്‍ പ്രഖ്യാപനം നടത്തികഴിഞ്ഞു!

വെബ്ദുനിയ വായിക്കുക