പുലിമുരുകനെപ്പറ്റിയും ഇങ്ങനെ പറഞ്ഞു, എന്നിട്ടെന്തായി? ‘കണ്ടോളൂ... ലൂസിഫര്‍ എന്താണെന്ന്’ !

നരേഷ് ബാസി

ശനി, 19 നവം‌ബര്‍ 2016 (12:22 IST)
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു കാര്യം, മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്‍റെ ലൂസിഫര്‍ ഉപേക്ഷിച്ചു എന്നതാണ്. എന്നാല്‍ പ്രചരണത്തില്‍ ഒരു ശതമാനം പോലും സത്യമില്ലെന്ന് വെളിപ്പെടുത്തി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ തന്നെ രംഗത്തെത്തിയിരുന്നു. ലൂസിഫര്‍ അടുത്ത വര്‍ഷം സംഭവിക്കുമെന്നും ആന്‍റണി വ്യക്തമാക്കിയിരുന്നു.
 
ഇത്തരം പ്രചരണങ്ങള്‍ മോഹന്‍ലാല്‍ ചിത്രങ്ങളേക്കുറിച്ച് ഇതാദ്യമായല്ല ഉണ്ടാകുന്നത്. മുമ്പ് പുലിമുരുകന്‍ വരാന്‍ വൈകിയപ്പോള്‍ ഇതുപോലെയുള്ള ഒരുപാട് പ്രചരണങ്ങള്‍ ഉണ്ടായതാണ്. പുലിമുരുകന്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും യാഥാര്‍ത്ഥ്യമായാല്‍ തന്നെ അത് തകര്‍ന്നടിയുമെന്നൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ സംഭവിച്ചതെന്താണ്? ഇന്ന് മലയാള സിനിമ പുലിമുരുകന് മുമ്പും പുലിമുരുകന് ശേഷവും എന്നാണ് വിലയിരുത്തപ്പെടുന്നത്. 
 
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ ലൂസിഫര്‍ അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാകും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ഇത്.
 
“സ്വര്‍ഗത്തില്‍ ദൈവത്തിന് അടിമയായിരിക്കുന്നതിനേക്കാള്‍ നല്ലത് നരകം ഭരിക്കുന്നതാണ്” 
 
ലൂസിഫര്‍! 
 
നരകാധിപന്‍!
 
അവന്‍ വരുന്നു!!!
 
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. “മാലാഖമാര്‍ സൂക്ഷിക്കുക, അവന്‍ നിങ്ങളിലേക്കെത്തുന്നു, ലൂസിഫര്‍” - മുമ്പൊരിക്കല്‍ ഈ പ്രൊജക്ടിനെപ്പറ്റി മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
 
എന്തായാലും ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് കണ്ട മലയാളികളൊക്കെ അന്തം‌വിട്ടിരിക്കുകയാണ്. എന്തൊരടിപൊളി ലുക്കാണിത്! ഇതിനേക്കാള്‍ മാസായ ഒരു അവതാരം ഇനി ജനിക്കണമെന്ന് ആരായാലും മനസില്‍ പറയും.
 
എന്തായാലും ലാല്‍ ഫാന്‍സ് ഈ ലുക്ക് അനുകരിച്ച് തുടങ്ങിയിട്ടുണ്ട്. നല്ല കറുകറെ കറുത്ത മുടിയും മീശയും. നരച്ച കുറ്റിത്താടി. കറുത്ത ട്രാന്‍സ്പെരന്‍റ് ഫ്രെയിമില്‍ കൂളിംഗ് ഗ്ലാസ്.
 
ഉപയോഗിച്ചിരിക്കുന്ന ആക്സസറീസിന്‍റെ കാര്യമാണെങ്കില്‍ പറയേണ്ട. മൂങ്ങയുടെ മുഖമുള്ള ലോക്കറ്റും വാള്‍ പെന്‍റന്‍റുമുള്ള വെള്ളിമാല. കൈയില്‍ വിവിധ നിറത്തിലുള്ള കല്ലുകള്‍ പതിച്ച രണ്ടുവട്ടം ചുറ്റിയ വെള്ളി ചെയിന്‍. വിരലില്‍ പച്ചക്കല്ലുള്ള വെള്ളിമോതിരം. 
 
എന്തായാലും ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്. മുരളി ഗോപിയുടെ ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
 
ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയപാടവവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് തരുന്ന ചിത്രം. ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്ന് നിസംശയം പറയാം.
 
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന് ഹാനികരം

വെബ്ദുനിയ വായിക്കുക