നിങ്ങളീ കളിക്കുന്നത് ജയിക്കാനാണോ തോല്‍ക്കാനാണോ? - ഉറച്ച തീരുമാനങ്ങളുമായി മഞ്ജു വാര്യര്‍!

വ്യാഴം, 12 മെയ് 2016 (21:12 IST)
മഞ്ജു വാര്യരുടെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ദീപു കരുണാകരനാണ്. ഫയര്‍മാന് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു ഒരു വോളിബോള്‍ കോച്ചായാണ് അഭിനയിക്കുന്നത്. വെറും വോളിബോള്‍ കോച്ചല്ല, ജയിലിലെ തടവുകാരുടെ വോളിബോള്‍ ടീമിന്‍റെ കോച്ച്! സിനിമയുടെ പേര് കരിങ്കുന്നം സിക്സസ്.
 
അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ സുധീര്‍ കരമന, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവ്, ജോജു ജോര്‍ജ്ജ്, പാഷാണം ഷാജി, നോബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കരിങ്കുന്നം സിക്സസിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. അതിഗംഭീരമായ ട്രെയിലര്‍ എന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം.
 
അന്തരിച്ച രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. മഞ്ജു വാര്യര്‍ അനൂപ് മേനോന്‍റെ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മുമ്പ് ജി മാര്‍ത്താണ്ഡന്റെ പാവാടയില്‍ അനൂപ് മേനോന്റെ കാമുകിയായി അതിഥി വേഷത്തില്‍ മഞ്ജു എത്തിയിരുന്നു. 
 
മഞ്ജു വാര്യരുമായുള്ള അഭിനയത്തിന്റെ വിശേഷങ്ങ‌ള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ അനൂപ് മേനോന്‍ പങ്കുവെച്ചു. വളരെ ഇമോഷണല്‍ ആയ രംഗങ്ങ‌ള്‍ എടുക്കുമ്പോള്‍ മഞ്ജു വളരെ നാച്വറലാണെന്നും പ്രസരിപ്പോടെയാണ് അവര്‍ ഇപ്പോഴും അഭിനയിക്കുന്നതെന്നും അനൂപ് മേനോന്‍ അഭിപ്രായപ്പെട്ടു. മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കും പ്രശംസ കിട്ടുമെന്ന് നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. 
 
ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് അത്‌ലറ്റിക്‌സ് തമ്മിലുള്ള ആത്മബന്ധമാണ് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന്റെ അടിസ്ഥാന കഥ. വേട്ടയുടെ തിരക്കഥയെഴുതിയ അരുണ്‍ലാല്‍ രാമചന്ദ്രന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയകൃഷ്‌ണന്‍ ഗുമ്മുടി.

വെബ്ദുനിയ വായിക്കുക