ദേ..ഇങ്ങോട്ട് നോക്കിയേ’

WDWD
ബാലചന്ദ്ര മേനോന്‍ എന്ന ബഹുമുഖ പ്രതിഭ അഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്ന സിനിമയാണ് ‘ദേ ഇങ്ങോട്ട് നോക്കിയേ’. തലക്കെട്ടിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്ന ഈ ചിത്രത്തിന്‍റെ അഭിനയിച്ചും കഥയും തിരക്കഥയും സംവിധാനവും നിര്‍‌വഹിച്ചും ബാലചന്ദ്ര മേനോന്‍ വീണ്ടും ഓള്‍‌റൌണ്ടര്‍ കുപ്പായമണിയുകയാണ്.

നടനത്തിന്‍റെ അവസാന വാക്കായി മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഭരത് ഗോപിയുടെ അവസാന ചിത്രം എന്ന നിലയിലും ഈ ബാലചന്ദ്ര മേനോന്‍ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.

വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് ‘ദേ ഇങ്ങോട്ട് നോക്കിയേ’. മന്ത്രി വെട്ടിക്കാട് സദാശിവന്‍റെ പ്രണയ കഥ പറയുന്ന ഈ ചിത്രത്തില്‍ സമാന്തരമായ ട്രാക്കിലൂടെ അദ്ദേഹത്തിന്‍റെ അനന്തരവന്‍ ശിവനും സഹോദര പുത്രി പാര്‍വതിയും തമ്മിലുള്ള പ്രണയ കഥയും മുന്നോട്ട് പോവുന്നു.

ജഗതിയുടെ ഇരട്ട വേഷവും ഈ സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്. വെട്ടിക്കാട് സദാശിവനായും സഹോദരന്‍ വെട്ടിക്കാട് സാംബശിവനായും ജഗതി ശ്രീകുമാറാണ് വേഷമിടുന്നത്. ശിവനായി ജയസൂര്യയും പാര്‍വതിയായി പുതുമുഖം സാറയും അഭിനയിക്കുന്നു. ബാല ചന്ദ്ര മേനോന്‍ പൊലീസ് കമ്മീഷണറുടെ വേഷം ചെയ്യുന്നുണ്ട്. മേനോനൊടൊപ്പം ലെനയാണ് അഭിനയിക്കുന്നത്. ഭരത് ഗോപി വെട്ടിക്കാട് സദാശിവന്‍റെ മൂത്ത സഹോദന്‍ വെട്ടിക്കാട് സദാനന്ദനായാണ് അഭിനയിച്ചത്. പിന്നീട്, ഈ വേഷം ജനാര്‍ദ്ദനന്‍ കൈകാര്യം ചെയ്തു.

WDWD
കുടുംബ സദസ്സുകള്‍ക്ക് പ്രിയപ്പെട്ട സംവിധായകനായ ബാലചന്ദ്രമേനോന്‍റെ പുതിയ ചിത്രവും കുടുംബാന്തരീക്ഷത്തെ കുറിച്ചു പറയുന്നു. രാഷ്ട്രീയ അക്ഷേപഹാസ്യമെന്ന നിലയില്‍ രാഷ്ട്രീയത്തിലെ കുടുംബങ്ങളാണ് പ്രമേയമെന്നു മാത്രം. സമാന്തരങ്ങള്‍ എന്ന സിനിമയിലൂടെ നടനെന്ന നിലയില്‍ ദേശീയ അവാര്‍ഡ് നേടിയ മേനോന്‍ ഈ ചിത്രത്തിലും ഒരു വേഷത്തിലെത്താന്‍ മറക്കുന്നില്ല.

കല്പന, സലിം കുമാര്‍, നെടുമുടി വേണു, ഇടവേള ബാബു തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. എവി അനൂപാണ് നിര്‍മ്മാണം. ബിച്ചുതിരുമലയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക