സിബി - ഉദയ് ടീമും ദിലീപും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമയാണ് മര്യാദരാമന്‍ എന്നതാണ് ഒരു പ്രത്യേകത. ഉദയപുരം സുല്‍ത്താന്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, സി ഐ ഡി മൂസ, റണ്‍വേ, വെട്ടം, കൊച്ചി രാജാവ്, ലയണ്‍, ചെസ്സ്, ഇന്‍സ്പെക്ടര്‍ ഗരുഡ്, ജൂലൈ 4, ട്വന്‍റി20, കാര്യസ്ഥന്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍, കമ്മത്ത് ആന്‍റ് കമ്മത്ത്, ശൃംഗാരവേലന്‍ എന്നിവയാണ് സിബി - ഉദയ് ടീം എഴുതിയ ദിലീപ് ചിത്രങ്ങള്‍. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും തിരക്കഥയെഴുതുന്നത് ഇവരാണ്. ദിലീപ് തന്നെയാണ് നായകന്‍.
2012ല്‍ ദിലീപ് കമ്മിറ്റ് ചെയ്ത പ്രൊജക്ടാണ് മര്യാദരാമന്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ തിരക്കുകള്‍ കാരണം നീണ്ടുപോകുകയായിരുന്നു. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ബജറ്റ് 10 കോടി രൂപയാണ്. ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയില്‍ ഒരു കോടി രൂപ മുടക്കി സെറ്റ് നിര്‍മ്മിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 75 ലക്ഷത്തിന്‍റെ ഗ്രാഫിക്സ് ജോലികളും ഈ സിനിമയ്ക്കായി ചെയ്യുന്നുണ്ട്.
1923ലെ ഹോളിവുഡ് ചിത്രം 'ഔവര്‍ ഹോസ്പിറ്റാലിറ്റി'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എസ് എസ് രാജമൌലി 'മര്യാദ രാമണ്ണ' ഒരുക്കിയത്. ഹിന്ദിയില്‍ 'സണ്‍ ഓഫ് സര്‍ദാര്‍' എന്ന പേരിലും തമിഴില്‍ 'വല്ലവനുക്ക് പുല്ലും ആയുധം' എന്ന പേരിലും ഈ സിനിമ റീമേക്ക് ചെയ്തിരുന്നു. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന മര്യാദരാമന്‍ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.