തിരക്കഥ ഇഷ്ടപ്പെട്ടു, മോഹന്‍ലാല്‍ ‘വഞ്ചിക്കും’ !

ശനി, 18 മെയ് 2013 (17:30 IST)
PRO
ബി ഉണ്ണികൃഷ്ണന്‍ രചിച്ച ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന തിരക്കഥ മോഹന്‍ലാലിന് ഇഷ്ടമായി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് ജൂണ്‍ ആദ്യവാരം പറയാനാകുമെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കാരൈക്കുടിയില്‍ ‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ എത്തിയാണ് ഉണ്ണികൃഷ്ണന്‍ തിരക്കഥ മോഹന്‍ലാലിന് നല്‍കിയത്.

തിരക്കഥ പൂര്‍ണമായും ഇഷ്ടമായ മോഹന്‍ലാല്‍ കഥാഗതിയുടെ വ്യത്യസ്തതയില്‍ ആവേശത്തിലാണ്. ഒരു ബിഗ്ബജറ്റ് ചിത്രമായതിനാല്‍ ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഏറെ സമയം ആവശ്യമുണ്ട്. വന്‍ താരനിരയും ഈ സിനിമയുടെ ഭാഗമായിരിക്കും. തെന്നിന്ത്യയിലെ ഒരു താരസുന്ദരി മിസ്റ്റര്‍ ഫ്രോഡില്‍ നായികയാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സുരേഷ്ഗോപി ഈ സിനിമയില്‍ ഉണ്ടാകില്ല.

ലോക്പാലുമായി സമാനത കണ്ടതിനെ തുടര്‍ന്ന് മിസ്റ്റര്‍ ഫ്രോഡിന്‍റെ കഥയിലും തിരക്കഥയിലും ബി ഉണ്ണികൃഷ്ണന്‍ വലിയ അഴിച്ചുപണിയാണ് നടത്തുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന പ്രൊജക്ടാണ് മിസ്റ്റര്‍ ഫ്രോഡ്. എന്നാല്‍ ലോക്പാല്‍ റിലീസാകുകയും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മിസ്റ്റര്‍ ഫ്രോഡ് മാറ്റിവയ്ക്കുകയായിരുന്നു.

ഒറ്റയാനും രസികനും കുടിലബുദ്ധിക്കാരനുമായ ഫ്രോഡായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തന്‍റെ ഏറ്റവും അവസാനത്തെ ചതിപ്രയോഗം ഏറ്റവും കൃത്യതയോടെ നടത്താന്‍ ദൃഢനിശ്ചയം ചെയ്ത അയാളുടെ നീക്കങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘One Man... Many Faces' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍.

റഷ്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ഈ സിനിമ ചിത്രീകരിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതെങ്കിലും പൂര്‍ണമായും ഇന്ത്യയില്‍ തന്നെ ചിത്രീകരിക്കാനാണ് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂരിഭാഗവും കേരളത്തില്‍ ചിത്രീകരിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്‍റെ ചില രംഗങ്ങള്‍ മൈസൂര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും.

സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും മിസ്റ്റര്‍ ഫ്രോഡില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംവിധായകന്‍ നല്‍കുന്ന വിവരം.

വെബ്ദുനിയ വായിക്കുക