ഡയലോഗ് പറയാന്‍ പോലും സുരേഷ്ഗോപിക്ക് അറിയില്ലായിരുന്നു!
തിങ്കള്‍, 4 ജൂണ്‍ 2012 (15:39 IST)
PRO
മലയാളത്തില്‍ ഡയലോഗ് ഓറിയന്‍റഡായുള്ള സിനിമകള്‍ ആലോചിക്കുമ്പോള്‍ നായകസ്ഥാനത്തേക്ക് ആദ്യമെത്തുന്ന പേരുകള്‍ സുരേഷ്ഗോപിയുടെയും മമ്മൂട്ടിയുടേതുമാണ്. ഡയലോഗ് പറയാന്‍ അല്‍പ്പം മിടുക്ക് കൂടുതല്‍ സുരേഷിനാണെന്നും തോന്നിയിട്ടുണ്ട്. ലേലം, പത്രം, കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ്, ഏകലവ്യന്‍ തുടങ്ങി എത്രയെത്ര സിനിമകള്‍. സുരേഷ്ഗോപി എന്ന ഫയര്‍ ബ്രാന്‍ഡിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
സുരേഷ്ഗോപി ഡയലോഗുകള്‍ പറഞ്ഞ് കൈയടി വാങ്ങിയ സിനിമകളില്‍ കൂടുതലും രണ്‍ജി പണിക്കരുടെ രചനകളായിരുന്നു. രണ്‍ജി - സുരേഷ്ഗോപി ടീമിന്‍റെ സിനിമ ടി വിയില്‍ വന്നാല്‍ പോലും ഇപ്പോഴും ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ രണ്‍ജി പണിക്കര്‍ പറയുന്നത്, ആദ്യകാലത്ത് സുരേഷ്ഗോപിക്ക് ഡയലോഗുകള്‍ പറയാന്‍ അറിയില്ലായിരുന്നു എന്നാണ്.
“തലസ്ഥാനമെന്ന സിനിമ എഴുതാന്‍ വിളിക്കുമ്പോള്‍ നമുക്ക് പുതിയൊരു മാറ്റം വരുത്തണമെന്ന് ഷാജി എന്നോട് പറഞ്ഞു. ഞാന്‍ സിനിമയില്‍ എഴുതിയതെല്ലാം രാഷ്ടീയമാണ്. ആ ചിത്രത്തില്‍ സുരേഷ്ഗോപിക്ക് ഒരു ഫയര്‍ ഉണ്ട്. അന്ന് ഡയലോഗുകള്‍ പറയാന്‍ പോലും സുരേഷ്ഗോപിക്ക് അറിയില്ലായിരുന്നു. തങ്കശ്ശേരിയിലെ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. അതിന്‍റെ ശരീരഭാഷയും സംസ്‌കാരവും ഉള്ള വ്യക്തിയായിരുന്നു സുരേഷ്ഗോപി” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ വ്യക്തമാക്കുന്നു.
പിന്നീട് എത്രയെത്ര കഥാപാത്രങ്ങള്‍. ഭരത് ചന്ദ്രനായും ആനക്കാട്ടില്‍ ചാക്കോച്ചിയായും മാധവനായും നന്ദഗോപാലായും സുരേഷ്ഗോപി തീപ്പൊരി ഡയലോഗുകള്‍ പറഞ്ഞ് നിറഞ്ഞാടി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തിലും സുരേഷിന്‍റെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചു.