ജയസൂര്യ കടുത്ത സ്ത്രീവിരോധി, എന്താ പിങ്കി പെണ്ണല്ലേ?

ബുധന്‍, 28 ജനുവരി 2015 (16:27 IST)
ജയസൂര്യ കടുത്ത സ്ത്രീവിരോധിയായി അഭിനയിക്കുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു കഥാപാത്രത്തെ ജയന് ലഭിക്കുന്നത്. ഷാജി പാപ്പന്‍ എന്ന ഈ കഥാപാത്രം 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിലേതാണ്.
 
ഷാജി പാപ്പനും സംഘവും സഞ്ചരിക്കുന്ന ടെമ്പോ വാനില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട് - സ്ത്രീകള്‍ക്ക് പ്രവേശനമില്ല!
 
ഇങ്ങനെ വലിയ സ്ത്രീവിരോധിയായ ഷാജി പാപ്പന് ഒരിക്കല്‍ ഒരു പെണ്ണിനെ സംരക്ഷിക്കേണ്ടിവരുന്നു. പെണ്ണ് എന്ന് പറഞ്ഞത് ഒരു പെണ്ണാടിനെക്കുറിച്ചാണ്. പിങ്കി എന്ന പെണ്ണാട്. പോത്തുമുക്കില്‍ നടന്ന വടം‌വലി മത്സരത്തില്‍ ഷാജി പാപ്പന്‍റെ സംഘം വിജയിക്കുന്നു. ഇതിന് സമ്മാനമായി കിട്ടേണ്ടിയിരുന്ന മുട്ടനാടിന് പകരം സംഘാടകര്‍ നല്‍കിയത് പിങ്കി എന്ന പെണ്ണാടിനെ. സ്ത്രീവിരോധിയായ ഷാജി പാപ്പന് ഈ പെണ്ണാട് ഒരു പ്രശ്നം തന്നെയായിരുന്നു.
 
ഈ ആടിനെ എന്തുചെയ്യണമെന്നറിയാതെ ഷാജി പാപ്പനും സംഘവും ഒരു യാത്ര തിരിക്കുന്നു. യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയുടെ പ്രമേയം.
 
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിന് പ്രദര്‍ശനത്തിനെത്തും. സ്വാതി റെഡ്ഡി, ശ്രിന്ദ, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, ധര്‍മ്മജന്‍, ഭഗത് മാനുവല്‍, വിനായകന്‍, വിജയ് ബാബു, സാന്ദ്ര തോമസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഷാന്‍ റഹ്‌മാനാണ് സംഗീതം.

വെബ്ദുനിയ വായിക്കുക