ജയറാം ചിത്രമായ ‘ഭാര്യ അത്ര പോര’ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. രസിപ്പിക്കുന്ന കുറച്ച് മുഹൂര്‍ത്തങ്ങളുണ്ടെങ്കിലും ആര്‍ക്കും പ്രവചിക്കാവുന്ന കഥാഗതി സിനിമയ്ക്ക് വിനയായി. എങ്കിലും ചിത്രത്തിന് നല്ല ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉടന്‍ അഭിനയിച്ചുതുടങ്ങാമെന്നാണ് ജയറാം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ‘നടന്’ എന്ന് പേരിട്ടിരുന്ന ആ പ്രൊജക്ടില്‍ മാറ്റമുണ്ടായിരിക്കുന്നു എന്നാണ് പുതിയ വിവരം. ജയറാമിനെ നായകനാക്കി ഒരുക്കാനിരുന്ന പ്രൊജക്ട് കമല്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമയെടുക്കാനാണ് കമല്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കെ ഗിരീഷ് കുമാറാണ് ഈ സിനിമയ്ക്ക് രചന നിര്‍വഹിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഷൂട്ടിംഗ് തീയതി തീരുമാനിക്കും.
സെല്ലുലോയ്ഡിന് ശേഷം ചെയ്യുന്ന സിനിമ എന്ന നിലയില്‍ ഏറെ ശ്രദ്ധയോടെയാണ് കമല്‍ ഈ ചിത്രം ഒരുക്കുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മുമ്പ് ഫഹദ് കമല്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് കരുതുന്നത്.