ചങ്കൂറ്റം ഭാസിയില്‍ പ്രതീക്ഷ വേണ്ട

FILEWD
ഇന്ദ്രജിത്തില്‍ കലാഭവന്‍ മണി ഒരു ഗൂണ്ടയെ ആണ് അവതരിപ്പിക്കുന്നത്, അച്ഛന്‍റെ ആഗ്രഹത്തിനൊത്ത് വളര്‍ന്ന ഒരു ഗൂണ്ടയെ. മണിയുടെ അഭിനയത്തില്‍ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം പ്രേക്ഷകര്‍ക്ക് മിക്കയിടങ്ങളിലും അരോചകമാവുന്നു.

ചെമ്പരുന്ത് ഭാസ്കരന്‍ എന്ന ഗൂണ്ടയ്ക്ക് താന്‍ ഉണ്ടാക്കിയെടുത്ത ശത്രുക്കളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ-മകനെ തന്നെപ്പോലെ ഒരു ഗുണ്ടയാക്കുക. അതിനായി ഭാസിയെ വലിയൊരു ഗുണ്ടയാക്കാന്‍ ആഗ്രഹിച്ചു.

ചെമ്പരുന്തിന്‍റെ മകന്‍ പിഴച്ചില്ല. ഭാസി അച്ഛനെക്കാള്‍ വലിയ ഗൂണ്ടയായി. രാജേന്ദ്രന്‍, ഹക്കിം, ജമാല്‍, വിജയന്‍ തുടങ്ങിയവരെല്ലാം ഭാസിയുടെ സംഘത്തിലെ പ്രമുഖരാണ്. ഭാസിയുടെ പ്രശസ്തി വളര്‍ന്നു. അങ്ങനെ ‘ചങ്കൂറ്റം ഭാസി’ എന്ന വിളിപ്പേര്‍ ഭാസിക്ക് സ്വന്തമായി.

പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ നായര്‍ ഭാസിക്ക് എതിരാവുന്നു. ഭാസിയുടെ അധ്യാപകനായിരുന്നു ഇദ്ദേഹം. അതിനാല്‍, ഭാസി ഒരിക്കലും പ്രസിഡന്‍റിനോട് നേരിട്ട് എതിരിടാന്‍ ഒരുക്കമല്ല. കൂടാതെ പ്രസിഡന്‍റിന്‍റെ മകളും ഭാസിയുടെ ഫാനാണ്!



FILEWD
ഭാസിയെയും സംഘത്തെയും ഒതുക്കാനായി രുദ്രാക്ഷന്‍ പിള്ളയെന്ന പൊലീസ് ഓഫീസറെ മാധവന്‍ നായര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, ഇയാളും ക്രമേണ ഭാസിയുടെ ആരാധകനായി മാറുന്നു. പിന്നെയാണ് സഹീര്‍ മുസ്തഫയുടെ വരവ്. മുസ്തഫയുമായി കൊമ്പ് കോര്‍ക്കുന്നതിന് ഭാസിക്ക് ചില തടസ്സങ്ങളുണ്ട്. ഇവിടെ കഥയ്ക്ക് ഒരു വഴിത്തിരിവ് ഉണ്ടാവുന്നു.

മണി ഭാസിയുടെ റോള്‍ ചെയ്തു, മണിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നിടത്തോളം ഭംഗിയായി. മണിയുടെ ആരാധകര്‍ ഒഴികെ ആരും ഈ സിനിമയിലെ മണിയുടെ അഭിനത്തില്‍ ആകൃഷ്ടരാവില്ല. മണി ചെയ്ത് പഴകിയ ഈ ഭാവങ്ങള്‍ക്ക് ഇനിയും ആഴം ലഭിക്കുക പ്രയാസമാണ്. രാജന്‍ പി ദേവ് ചെമ്പരുന്തായി തകര്‍ത്തു. പ്രസിഡന്‍റായി നെടുമുടി വേണുവും. എന്നാല്‍, ഇവര്‍ക്ക് രണ്ട് പേര്‍ക്കും മാത്രമായി ചിത്രത്തിന്‍റെ പൊതുവായ വിരസത അകറ്റാന്‍ കഴിയില്ലല്ലോ?

മണിയുടെ വലംകൈയ്യായ രാജേന്ദ്രന്‍റെ വേഷത്തില്‍ റിയാസ് ഖാന്‍ എത്തുന്നു. റിയാസിന്‍റെ അഭിനയം ശരാശരി നിലവാരത്തിലാണ്. എന്നാല്‍, സഹീര്‍ മുസ്തഫയായി എത്തിയ സൈജു കുറുപ്പ് നിരാശപ്പെടുത്തി. സഹീര്‍ മുസ്തഫയുടെ സഹോദരി ഷാഹിനയായി ഇന്ദ്രജ നിലവാരമുള്ള പ്രകടനം കാഴ്ച വച്ചപ്പോള്‍ പഞ്ചായത്ത് പ്ര സിഡന്‍റിന്‍റെ മകളായി ദിവ്യ വിശ്വനാഥ് പരാജയമാവുന്ന കാഴ്ചയാണ്.

ഹരിദാസിന് സംവിധാന മികവ് അവകാശപ്പെടാനില്ലാത്ത ഇന്ദ്രജിത്തില്‍ സാങ്കേതിക മികവും ദൃശ്യമല്ല. പാട്ടുകള്‍ ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്നു. ചുരുക്കത്തില്‍, എല്ലാ കലാഭവന്‍ മണി ചിത്രങ്ങളെയും പോലെ തന്നെ ഇന്ദ്രജിത്തും- കണ്ടില്ലെങ്കിലും ഒന്നും നഷ്ടമാവാനില്ല!