ഡോ.സണ്ണി ജോസഫ് ലോകപ്രശസ്തനായ ഒരു സൈക്യാട്രിസ്റ്റാണ്. അദ്ദേഹം ഏറ്റെടുത്ത കേസുകളിലെല്ലാം വിജയം കണ്ടിട്ടുണ്ട്. അതില്‍ ഏറെ പ്രശസ്തമായത് സുഹൃത്തായ നകുലന്റെ ഭാര്യ ഗംഗയുടെ മാനസിക പ്രശ്നമായിരുന്നു. മാടമ്പള്ളി മേടയില്‍ അലഞ്ഞുനടന്ന നാഗവല്ലി എന്ന തമിഴത്തി പ്രേതത്തെ ഗംഗയില്‍ നിന്നും വേര്‍പെടുത്തിയ സണ്ണിയുടെ കഥയായിരുന്നു ‘മണിച്ചിത്രത്താഴ്’ പറഞ്ഞത്.
മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഡോ.സണ്ണിയുടെ രംഗപ്രവേശം ഏതാണ്ട് ചിത്രത്തിന്റെ ഇടവേളയോട് അടുത്ത സമയത്താണ്. ഇപ്പോള്‍ ഡോ.സണ്ണിയെ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെ പ്രിയദര്ശന് വീണ്ടും അവതരിപ്പിക്കുമ്പോള്‍ ഇടവേളയില്‍ തന്നെയാണ് സണ്ണിയെ കൊണ്ടുവരിക. അതായത് സിനിമയുടെ ഇടവേള വരെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാകില്ല.
ഇടവേള വരെ ഒരു പ്രണയകഥയാണ് പറയുന്നത്. ഒരു യുവാവിന്റെയും യുവതിയുടെയും പ്രണയം. ആ ഗാഢബന്ധത്തിനിടെ ദുരൂഹമായ ഒരു സംഭവം ഉണ്ടാകുന്നു. പ്രണയജോഡിയായി പുതുമുഖങ്ങളെയാണ് പ്രിയദര്ശന് പരിഗണിക്കുന്നത്.
ഡെന്നിസ് ജോസഫാണ് ‘ഗീതാഞ്ജലി’ക്ക് തിരക്കഥ രചിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരത്താണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ തിരുവനന്തപുരത്തുതന്നെ ചിത്രീകരണം പൂര്‍ത്തിയാകും.
അടുത്ത പേജില്‍ - ഗംഗയായി ശോഭനയും വരും, ക്ലൈമാക്സില്‍ ഗംഭീര പ്രകടനം!
PRO
മണിച്ചിത്രത്താഴിലെ നായിക ശോഭന ‘ഗീതാഞ്ജലി’യില്‍ അഭിനയിക്കുന്നില്ലെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പ്രിയദര്ശന് അറിയിച്ചിരിക്കുന്നത് ശോഭനയുടെ ഗസ്റ്റ് അപ്പിയറന്‍സ് ഉണ്ടാകും എന്നാണ്. ഗംഗയായാണ് ശോഭന എത്തുന്നത്. അപരവ്യക്തിത്വമായ ‘നാഗവല്ലി’യുടെ സാന്നിധ്യം ഉണ്ടാകില്ല എന്നാണ് വിവരം. എന്നാല്‍ ഗീതാഞ്ജലിയുടെ ക്ലൈമാക്സില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം ശോഭനയ്ക്കും തകര്‍ത്ത് അഭിനയിക്കാനുള്ള മുഹൂര്‍ത്തങ്ങളാണ് ഡെന്നിസ് ജോസഫ് എഴുതിയിരിക്കുന്നതത്രെ!
എം ജി രാധാകൃഷ്ണനായിരുന്നു മണിച്ചിത്രത്താഴിന് മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചത്. ഗീതാഞ്ജലിയില്‍ എത്തുമ്പോള്‍ സംഗീതസംവിധാനം വിദ്യാസാഗറാണ്. തിരു ക്യാമറ ചലിപ്പിക്കും. ദേശീയ അവാര്‍ഡ് ജേതാവായ കലാസംവിധായകന്‍ ഇളയരാജയാണ് ഗീതാഞ്ജലിക്ക് പശ്ചാത്തലമൊരുക്കുന്നത്.
മണിച്ചിത്രത്താഴ് രചിച്ച മധുമുട്ടം ഗീതാഞ്ജലിയുടെ പരിസരത്തെങ്ങുമില്ല എന്നതാണ് പ്രത്യേകത. മോഹന്‍ലാലിനെക്കൂടാതെ ഇന്നസെന്റ്, കെ ബി ഗണേഷ്കുമാര്, മധു, സിദ്ദിക്ക് എന്നിവരും ഈ സിനിമയിലുണ്ട്. ഇന്നസെന്റിന്റെ ഉണ്ണിത്താന് എന്ന കഥാപാത്രം പുതിയ ചിത്രത്തിലും നര്‍മ്മം വിതറും. അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ ഇന്നസെന്റ് ഈ സിനിമയിലൂടെയായിരിക്കും മടങ്ങിവരവ് ആഘോഷിക്കുക.
എന്തായാലും ഡോ.സണ്ണിയുടെ പുതിയ മനഃശാസ്ത്ര പരീക്ഷണങ്ങളിലൂടെ ഒരു മികച്ച സൈക്കോ ത്രില്ലര്‍ മലയാളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.