മലയാളസിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്ത് ആരാണ്? ആരും പറയും, അത് ഒരാളല്ല, രണ്ടുപേരാണെന്ന്. ഉദയ്കൃഷ്ണയും സിബി കെ തോമസും. ഇവരുടെ തിരക്കഥ കിട്ടിയാല്‍ എത്ര ഡേറ്റ് വേണമെങ്കിലും നല്‍കാന്‍ തയ്യാറാണ് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. എന്നാല്‍ ഇവര്‍ക്കാണെങ്കിലോ, എഴുത്തിലെ തിരക്ക് കാരണം സംവിധാനം ചെയ്യാമെന്നേറ്റിരുന്ന ‘അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍’ തുടങ്ങാന്‍ പോലുമാകാത്ത അവസ്ഥയും.
എന്തായാലും സിബി കെ തോമസിന്‍റെ അനുജന്‍ തോംസണ്‍ കെ തോമസ് ഇതിനിടെ സംവിധായകനായി. ‘കാര്യസ്ഥന്‍’ എന്ന സിനിമ മെഗാഹിറ്റുമായിരുന്നു. തോംസണ്‍ തന്‍റെ രണ്ടാമത്തെ സിനിമ ആരംഭിക്കുന്നു എന്നും ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന് ചിത്രത്തിന് പേരിട്ടു എന്നും മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. മമ്മൂട്ടിയും ജയറാമും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. തിരക്കഥ സിബി - ഉദയന്‍ തന്നെ.
പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്‍മാരായാണ് മമ്മൂട്ടിയും ജയറാമും ചിത്രത്തില്‍ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരെ കുടുക്കുന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായി ദിലീപ് അഭിനയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ സംഗതി ആകെ മാറിമറിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ നിന്ന് ജയറാമിനെ ഒഴിവാക്കി എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ജയറാം അവതരിപ്പിക്കാനിരുന്ന കമ്മത്ത് രണ്ടാമനെ ദിലീപ് ആയിരിക്കും അവതരിപ്പിക്കുക. ദിലീപ് അഭിനയിക്കാനിരുന്ന ഇന്‍കം ടാക്സ് ഓഫീസറായി കുഞ്ചാക്കോ ബോബന്‍ എത്തും! ഈ പ്രൊജക്ടില്‍ നിന്ന് ജയറാമിനെ മാറ്റിയതിന്‍റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.
ലക്ഷ്മിറായി മമ്മൂട്ടിയുടെ നായികയായും വേദിക ദിലീപിന്‍റെ നായികയായും എത്തുന്നു. ചാക്കോച്ചന് നായികയില്ല എന്നാണ് അറിയുന്നത്.