ദൃശ്യം തമിഴ് റീമേക്കായ 'പാപനാശം' ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ ഉലകനായകന്‍ കമല്‍ഹാസന് കഷ്ടകാലമാണ്. ഇതുവരെ മൂന്ന് തവണയാണ് ഷൂട്ടിംഗിനിടെ കമലിന് ആശുപത്രി വാസം വേണ്ടിവന്നത്. ആദ്യം ഭക്‍ഷ്യ വിഷബാധയായിരുന്നു പ്രശ്നമെങ്കില്‍ പിന്നീട് ആശുപത്രിയിലായത് കടുത്ത നടുവേദനയെത്തുടര്‍ന്നാണ്.
ഇപ്പോഴിതാ, മൂക്കിനുള്ളില്‍ റബ്ബര്‍ കഷണം പോയ നിലയിലാണ് കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാപനാശത്തിന്‍റെ ക്ലൈമാക്സ് ഷൂട്ടിംഗിനായി ചെയ്ത മേക്കപ്പിന്‍റെ ഒരു ഭാഗമാണ് മൂക്കിനുള്ളില്‍ പോയത്.
കടുത്ത പൊലീസ് മര്‍ദ്ദനത്തിന് ഇരയാകുന്ന നായകന്‍റെ മൂക്ക് ചതഞ്ഞ് നീരുവന്ന് വീര്‍ത്ത നിലയില്‍ ആക്കാനാണ് മേക്കപ്പ് ചെയ്തത്. ഇതിനായി മൂക്കിനുള്ളില്‍ വച്ച റബ്ബറിന്‍റെ ഒരുഭാഗമാണ് ഉള്ളിലേക്ക് പോയത്. ഇതെടുക്കാന്‍ കഴിയാതായതോടെ ശ്വാസതടസവുമുണ്ടായി.
ഉടന്‍ തന്നെ കമല്‍ഹാസനെ തൊടുപുഴയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാഗികമായി മരവിപ്പിച്ച ശേഷം എന്‍ഡോസ്കോപ്പി നടത്തി ഡോക്ടര്‍മാര്‍ റബ്ബര്‍ കഷണം പുറത്തെടുത്തു.
പാപനാശത്തില്‍ ഗൌതമി, കലാഭവന്‍ മണി, ആശാ ശരത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.