ഒടുവില്‍ ബോഡിഗാര്‍ഡ് വിജയിച്ചു!

തിങ്കള്‍, 11 ജനുവരി 2010 (21:42 IST)
PRO
ജനപ്രിയതാരം ദിലീപിന് ആശ്വാസമായി. മലയാള സിനിമയ്ക്ക് ആശ്വാസമായി. അതെ, രണ്ടു ദിലീപ് ചിത്രങ്ങള്‍ ഈ ജനുവരിയില്‍ ഒരേ ദിവസം റിലീസ് ചെയ്യില്ല. ബോഡിഗാര്‍ഡിന് വഴിമാറി ആഗതന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നു. ഇതനുസരിച്ച് ബോഡിഗാര്‍ഡ് ഈ മാസം 22ന് റിലീസ് ചെയ്യും. ഫെബ്രുവരി 11 ആണ് ആഗതന്‍റെ പുതിയ റിലീസ് ഡേറ്റ്.

ദിലീപ് നായകനായ ബോഡിഗാര്‍ഡും ആഗതനും ജനുവരി 22ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നത്. ഈ രണ്ടു സിനിമകള്‍ ഒരേ ദിവസം റിലീസ് ചെയ്താല്‍ ദിലീപിന്‍റെ പ്രേക്ഷകര്‍ തന്നെ വിഭജിച്ചു പോകുമെന്നും ഇതില്‍ ഏതെങ്കിലും ഒരു ചിത്രത്തെ ഇത് ദോഷകരമാ‍യി ബാധിക്കുമെന്നും മനസിലാക്കി അണിയറയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആഗതന്‍റെ റിലീസ് ഡേറ്റ് മാറ്റിവയ്ക്കപ്പെട്ടത്.

കഴിഞ്ഞ ഡിസംബര്‍ 18ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കമല്‍ സംവിധാനം ചെയ്ത ആഗതന്‍. സിദ്ദിഖിന്‍റെ ബോഡിഗാര്‍ഡും ആ ദിവസത്തേക്ക് റിലീസ് ഡേറ്റ് നിശ്ചയിച്ചു. ഒരു ‘ക്ലാഷ്’ ഉണ്ടാകരുതെന്നും ആഗതന്‍റെ റിലീസ് മാറ്റിവച്ച് സഹകരിക്കണമെന്നും ബോഡിഗാര്‍ഡിന്‍റെ നിര്‍മ്മാതാവ് ജോണി സാഗരിക ആഗതന്‍റെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആഗതന്‍ ജനുവരി 22ന് റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തത്. എന്നാല്‍ പിന്നീട് ബോഡിഗാര്‍ഡും ജനുവരി 22ന് റിലീസ് ചെയ്യാന്‍ ജോണി സാഗരിഗ തീരുമാനിക്കുകയായിരുന്നു.
PRO


ഇതോടെ ‘ഇനി ബോഡിഗാര്‍ഡിനു വേണ്ടി ആഗതന്‍റെ റിലീസ് മാറ്റില്ല’ എന്ന നിലപാടില്‍ ആഗതന്‍റെ നിര്‍മ്മാതാവും വിതരണക്കാരും എത്തി. ബോഡിഗാര്‍ഡും അതേ ദിവസം റിലീസ് ചെയ്യുമെന്ന് ജോണി സാഗരികയും വ്യക്തമാക്കി. പ്രശ്നം രൂക്ഷമായതോടെ ദിലീപ് ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ രണ്ടു സിനിമകളുടെയും അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചാണ് ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിരിക്കുന്നത്.

ബോഡിഗാര്‍ഡില്‍ ദിലീപിന് നയന്‍‌താരയാണ് നായിക. ആഗതനില്‍ ദിലീപിന്‍റെ നായികയായി ചാര്‍മ്മി എത്തും. ബോഡിഗാര്‍ഡില്‍ ത്യാഗരാജന്‍ മുഖ്യമായ ഒരു വേഷത്തിലെത്തുമ്പോള്‍ ആഗതനിലൂടെ സത്യരാജ് മലയാളത്തില്‍ അരങ്ങേറുകയാണ്.

വെബ്ദുനിയ വായിക്കുക