ഇറ്റ്സ്‌ ബ്രേക്കിംഗ് ന്യൂസ്

FILEIFM
കണ്ടുപഴകാത്ത പ്രമേയവുമായാണ് ഇറ്റ്സ്‌ ബ്രേക്കിംഗ് ന്യൂസ് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. എന്നാല്‍, ഇതിവൃത്തത്തിന് ബോളിവുഡിന്‍റെ മാസ്മരികത പ്രതീക്ഷിക്കുന്ന എല്ലാ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.

റേറ്റിംഗില്‍ മുന്നിലെത്താന്‍ മത്സരിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍, പ്രേക്ഷകന്‍റെ കണ്ണ് തുറിപ്പിക്കാന്‍ തക്ക ചൂടന്‍ വാര്‍ത്തയ്ക്ക് വേണ്ടി നടത്തേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകരുടെ അവിശുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം കോമഡി കലര്‍ത്തി ‘ഇറ്റ്സ്‌ ബ്രേക്കിംഗ് ന്യൂസ്’ പറയുന്നു.

വിനോദ പരിപാടികളുടെ വിഭാഗത്തില്‍ നിന്ന് ക്രൈം റിപ്പോര്‍ട്ടിംഗിലേക്ക് വിദ്യയ്ക്ക് (കോയല്‍ പുരി)സ്ഥാന മാറ്റം ലഭിക്കുന്നു. ഇതില്‍ ആദ്യം താല്‍പ്പര്യം കാട്ടുന്നില്ല എങ്കിലും വിദ്യയ്ക്ക് ക്രൈം റിപ്പോര്‍ട്ടിംഗ് പിന്നീടൊരു ഹരമായി മാറുകയാണ്.

പുതിയ റിപ്പോര്‍ട്ടിംഗില്‍ മുന്നേറ്റം നടത്തുന്ന അവസരത്തില്‍ വിദ്യയെ തേടി പൂനെയില്‍ നിന്ന് ഒരു ടെലഫോണ്‍ കോള്‍ എത്തുന്നു. സംഗീത എന്ന ഹതഭാഗ്യയുടേതായിരുന്നു ആ കോള്‍. ഉന്നതനായ ഉദ്യോഗസ്ഥനില്‍ (ഹര്‍ഷ ഛായ) നിന്ന് സ്ഥിരമായി ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വരുന്ന സംഗീ‍തയെ കേന്ദ്രീകരിച്ചാണ് പിന്നീട് കഥ മുന്നോട്ട് പോവുന്നത്.

FILEIFM
വിദ്യയും ക്യാമറമാന്‍ റഫീക്കും(അതുല്‍ പര്‍ച്ചൂരെ) സ്റ്റിംഗ് ഓപ്പറേഷന് തയ്യാറെടുത്ത് പൂനെയിലെത്തുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ ക്യാമറ ഒപ്പിയെടുക്കുന്നത് ഡിഐജിയുടെ (വിനയ് ആപ്തെ) മുഴുനീള ബലാത്സംഗ രംഗങ്ങളാണ്. ഇവയൊന്നും ടെലികാസ്റ്റ് ചെയ്യില്ല എന്ന് വിദ്യ സംഗീതയ്ക്ക് ഉറപ്പ് നല്‍കുന്നു.

എന്നാല്‍, സ്വന്തം വാര്‍ത്താ ചാനലില്‍ ഒരു മാറ്റവും വരുത്താതെ ബലാത്സംഗ രംഗങ്ങള്‍ ടെലികാസ്റ്റ് ചെയ്യുന്നത് കണ്ട വിദ്യ ഈ രീതികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. തുടര്‍ന്ന് കടുത്ത അഭിപ്രായ വ്യത്യാസം കാരണം ചാനലിന്‍റെ പടിയിറങ്ങുന്നു.

സ്റ്റിംഗ് ഓപ്പറേഷനുകള്‍ പകര്‍ത്തിക്കാട്ടുന്നതില്‍ അസാമാന്യ മികവാണ് സംവിധായകന്‍ വിശാല്‍ ഇമാംദാര്‍ കാട്ടിയിരിക്കുന്നത്. കഥയുടെ അവസാനമെത്താന്‍ പ്രേക്ഷകര്‍ക്ക് ഏറെ സമയം കാത്തിരിക്കേണ്ട പ്രശ്നം ഉണ്ടാവുന്നുണ്ട്. കഥയുടെ നീളം കുറവായിരുന്നെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇഴച്ചില്‍ തോന്നില്ലായിരുന്നു.

കോയല്‍ പുരി, വിനയ് ആപ്തെ, അതുല്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഷിരിഷ് ദേശായിയുടെ ഛായാഗ്രഹണവും നിലവാരം പുലര്‍ത്തുന്നു.