ഇനി 'തനി ഒരുവനാ’യി ഇളയദളപതി !

വ്യാഴം, 5 നവം‌ബര്‍ 2015 (19:56 IST)
തമിഴ് ചിത്രം ‘തനി ഒരുവന്‍’ സമാനതകളില്ലാത്ത വിജയമാണ് നേടിയത്. അതോടെ സംവിധായകന്‍ മോഹന്‍ രാജ ഏറ്റവും വിപണിമൂല്യമുള്ള സംവിധായകനായി മാറുകയും ചെയ്തിരിക്കുകയാണ്. എന്തായാലും ഇളയദളപതി വിജയ് നായകനാകുന്ന അടുത്ത ചിത്രം (വിജയ് 60) സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയായിരിക്കുമെന്ന് ഉറപ്പായി.
 
‘തനി ഒരുവന്‍’ കണ്ടതോടെ പുതിയ കഥ വല്ലതുമുണ്ടോ എന്ന് വിജയ് തന്നെയാണ് സംവിധായകന്‍ മോഹന്‍ രാജയെ വിളിച്ച് അന്വേഷിച്ചത്. മോഹന്‍‌രാജ പറഞ്ഞ കഥ വിജയ്ക്ക് ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ ഒട്ടേറെ സംവിധായകര്‍ തിരക്കഥകളുമായി വിജയെ സമീപിച്ചിരുന്നു. എസ് ജെ സൂര്യ, എ ആര്‍ മുരുഗദോസ് എന്നിവര്‍ ഉള്‍പ്പടെ പ്രമുഖരാണ് വിജയുടെ അടുത്ത ചിത്രത്തിനായി ശ്രമിച്ചത്. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് മോഹന്‍ രാജയ്ക്കാണ്.
 
ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരിക്കുന്നത് ഇല്യാന ഡിക്രൂസിനെയാണ്. ഇതോടെ തെലുങ്ക് മാര്‍ക്കറ്റും പിടിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ തന്ത്രമാണ് ഫലം കാണുന്നത്. ‘നന്‍‌പന്‍’ എന്ന മെഗാഹിറ്റിന് ശേഷം വിജയ് - ഇല്യാന ജോഡി ഒരുമിക്കുന്ന ചിത്രം കൂടിയാവും ഇത്.
 
ഇളയദളപതിയെ മോഹന്‍‌രാജ തന്‍റെ ചിത്രത്തില്‍ നായകനാക്കുന്നത് ഇതാദ്യമല്ല. ‘വേലായുധം’ എന്ന വിജയ് സൂപ്പര്‍ഹിറ്റ് സംവിധാനം ചെയ്തത് മോഹന്‍‌രാജയായിരുന്നു. 

വെബ്ദുനിയ വായിക്കുക