ഇത്തവണത്തെ ഓണം പൃഥ്വി സ്വന്തമാക്കുമോ?

ചൊവ്വ, 23 ഓഗസ്റ്റ് 2011 (17:25 IST)
PRO
ഇത്തവണ ഓണത്തിന് മമ്മൂട്ടിയോ മോഹന്‍ലാലോ തങ്ങളുടെ വമ്പന്‍ കൊമേഴ്സ്യല്‍ ചിത്രങ്ങളുമായി രംഗത്തില്ല. അതുകൊണ്ടുതന്നെ ഓണത്തിന് ബോക്സോഫീസില്‍ കോടികളുടെ കിലുക്കവുമായി ഒന്നാമത് എത്തുന്നത് ഏത് സിനിമയായിരിക്കും, ആരുടെ ചിത്രമായിരിക്കും എന്നതിലെല്ലാം കൌതുകമുണ്ട്.

മമ്മൂട്ടിയുടെയും ലാലിന്‍റെയും വലിയ സിനിമകള്‍ ഇല്ലാതായതോടെ എല്ലാ കണ്ണുകളും സ്റ്റാറുകളില്‍ മൂന്നാമനായ പൃഥ്വിരാജിലാണ്. പൃഥ്വിയുടെ കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറായ ‘തേജാഭായ് ആന്‍റ് ഫാമിലി’ ഓഗസ്റ്റ് 26ന് റിലീസാകുകയാണ്. ഓണം - റംസാന്‍ സീസണില്‍ ആദ്യമെത്തുന്ന ചിത്രവും ഇതുതന്നെ. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍ ഒരുപടി മുമ്പിലെത്താന്‍ തേജാഭായിക്ക് കഴിയുമെന്നാണ് ട്രേഡ് വിദഗ്ധരുടെ അഭിപ്രായം.

റംസാന്‍ ദിവസമായ ഓഗസ്റ്റ് 31ന് ബ്ലെസിയുടെ ‘പ്രണയം’ റിലീസാകും. ഒരു ക്ലാസ് ചിത്രമെന്ന ഇമേജ് നേരത്തേ തന്നെ സൃഷ്ടിച്ചുകഴിഞ്ഞ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമാണ്. അതുകൊണ്ടുതന്നെ കൊമേഴ്സ്യല്‍ സക്സസ് പ്രവചിക്കുക അസാധ്യം. കേരളത്തിലെ 80 തിയേറ്ററുകളില്‍ മാക്സ്‌ലാബാണ് പ്രണയം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളൊന്നും ഓണത്തിനില്ലെങ്കിലും മമ്മൂട്ടിയുടെ നിര്‍മ്മാണ - വിതരണക്കമ്പനിയായ പ്ലേഹൌസ് വിതരണം ചെയ്യുന്ന ‘സെവന്‍സ്’ ഓഗസ്റ്റ് 31ന് റിലീസാകും. ഈ സീസണില്‍ ‘കറുത്ത കുതിര’യാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സെവന്‍സിന്‍റെ സംവിധായകന്‍ ജോഷിയാണ്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നദിയാമൊയ്തു തുടങ്ങിയവരാണ് താരങ്ങള്‍.

ഓഗസ്റ്റ് 31ന് തന്നെ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍ 3ഡി’ വീണ്ടും പ്രദര്‍ശനത്തിനെത്തും. തമിഴ് പതിപ്പാണിത്. പുതുതായി സന്താനം, പ്രകാശ്‌രാജ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി ചില രംഗങ്ങള്‍ ചിത്രീകരിച്ചുചേര്‍ത്തിട്ടുണ്ട്.

സെപ്റ്റംബര്‍ എട്ടിന് ജയറാം ചിത്രം ‘ഉലകം ചുറ്റും വാലിബന്‍’ പ്രദര്‍ശനത്തിനെത്തും. രാജ്‌ബാബു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ കൃഷ്ണ പൂജപ്പുര. ഈ സിനിമയുടെ വിജയവും പ്രവചിക്കാന്‍ കഴിയില്ല.

സെപ്റ്റംബര്‍ ഒമ്പതിന് കെ ബിജു സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ഡോക്ടര്‍ ലവ്’ റിലീസാകും. മോഹന്‍‌ലാലിന്‍റെ മാക്‍സ്‌ലാബ് വിതരണം ചെയ്യുന്ന ചിത്രം വിജയപ്രതീക്ഷ നല്‍കുന്നു.

ഓഗസ്റ്റ് 31ന് തമിഴ് ചിത്രമായ മങ്കാത്തയും ഹിന്ദി ചിത്രമായ ബോഡിഗാര്‍ഡും കൂടി പ്രദര്‍ശനത്തിനെത്തുന്നതോടെ മോഹന്‍ലാലും മമ്മൂട്ടിയും ഇല്ലെങ്കിലും ഇത്തവണത്തെ ഓണം - റംസാന്‍ സീസണ്‍ കൊഴുക്കുമെന്ന് തീര്‍ച്ച.

വെബ്ദുനിയ വായിക്കുക