കമല്ഹാസന് സംവിധാനം ചെയ്യുന്ന ഹിന്ദി - തമിഴ് പ്രൊജക്ടില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നതായി സൂചന. വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. കമല്‍ഹാസനും ഈ ചിത്രത്തില്‍ വില്ലനാണ്. നായകനോ? ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. ചിത്രത്തിന് ഹിന്ദി പേര് - അമര്‍ ഹേ. തമിഴ് പതിപ്പിന് ‘തലൈവന് ഇരുക്കിറാന്‍’ എന്ന് പേരിട്ടു.
കമല്ഹാസന് 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രമാണിത്. ഈ ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. സമകാലിക രാഷ്ട്രീയാവസ്ഥകളും സമ്പദ്വ്യവസ്ഥയും അധോലോകവും ഈ സിനിമ വിഷയമാക്കുന്നുണ്ട്. വീരേന്ദ്ര കെ അറോറയും അര്ജുന് എന്‍ കപൂറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കമല്ഹാസന് തന്നെയാണ് ‘അമര്‍ ഹേ’യുടേ തിരക്കഥയും രചിക്കുന്നത്.
കമ്പനി, ആഗ്, തേസ് തുടങ്ങിയ ഹിന്ദിച്ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലും ഇരുവര്‍, ജില്ല തുടങ്ങി ശ്രദ്ധേയമായ സിനിമകള്‍ മോഹന്‍ലാല്‍ ചെയ്തിട്ടുണ്ട്. ‘ഉന്നൈപ്പോല് ഒരുവന്’ എന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും ആയിരുന്നു നായകന്മാര്.
കഴിഞ്ഞ ആറു വര്‍ഷമായി കമലിന്റെ ചിന്തയിലിരിക്കുന്ന പ്രൊജക്ടാണിത്. മുംബൈയും വടക്കേയിന്ത്യയിലെ പ്രധാന സ്ഥലങ്ങളും ഈ സിനിമ പശ്ചാത്തലമാക്കുന്നുണ്ട്. ഒപ്പം വിദേശരാജ്യങ്ങളിലെ ചില നഗരങ്ങളും. മുംബൈ, ഡല്‍ഹി, ലണ്ടന്‍, ദുബായ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ അമേരിക്കയിലെ ചില നഗരങ്ങളിലും ഷൂട്ട് ചെയ്യും. മലയാളത്തിലെ ഒരു സൂപ്പര്‍താരവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.