ആരംഭം ഹിന്ദിയില്‍, ഷാരുഖ് ഖാന്‍ നായകന്‍, നായിക നയന്‍‌താര?

ചൊവ്വ, 26 നവം‌ബര്‍ 2013 (16:55 IST)
PRO
‘ആരംഭം’ എന്ന തമിഴ് ചിത്രം ഈ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. അജിത്, നയന്‍‌താര, ആര്യ എന്നിവര്‍ തകര്‍ത്തഭിനയിച്ച ഈ അടിപൊളി ത്രില്ലര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നതാണ്. അക്ഷയ്കുമാറിനെ നായകനാക്കി പ്രഭുദേവയാണ് ഹിന്ദി റീമേക്ക് ഒരുക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ പുതിയ വിവരം അനുസരിച്ച് ആരംഭത്തിന്‍റെ ഹിന്ദി റീമേക്കില്‍ സാക്ഷാല്‍ ഷാരുഖ് ഖാന്‍ ആണ് നായകന്‍. വിഷ്ണുവര്‍ദ്ധന്‍ തന്നെ ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യും. തമിഴില്‍ റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച അതിഥിവേഷം ഹിന്ദിയില്‍ ‘തല’ അജിത് തന്നെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മുമ്പും ഷാരുഖ് ഖാനൊപ്പം അജിത് അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘അശോക’ എന്ന സിനിമയിലായിരുന്നു അത്.

ഇനി ഒരു കാര്യം കൂടി അറിയാനുണ്ട്. ഈ സിനിമ നയന്‍‌താരയുടെ ആദ്യ ഹിന്ദിച്ചിത്രമായി മാറുമോ എന്ന്. കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക