ആഞ്ഞടിക്കാന്‍ പൃഥ്വിരാജ്, ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ !
ചൊവ്വ, 17 ജൂലൈ 2012 (14:50 IST)
PRO
ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്‍റേതായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയത് നാല് ചിത്രങ്ങളാണ്. മാസ്റ്റേഴ്സ്, ഹീറോ, മഞ്ചാടിക്കുരു, ബാച്ച്‌ലര്‍ പാര്‍ട്ടി. ഈ നാലുസിനിമകള്‍ക്കും ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടു. കഴിഞ്ഞ ദിവസം റിലീസ് ചെയ്യാനിരുന്ന ‘സിംഹാസനം’ തിയേറ്ററുകള്‍ ലഭിക്കാത്തതിനാല്‍ ഓഗസ്റ്റ് 17ലേക്ക് മാറ്റുകയും ചെയ്തു.
നാലുചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ പൃഥ്വിരാജിന്‍റെ താരമൂല്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയാണ്. ഇതില്‍ നിന്നും രക്ഷനേടാന്‍ ഹൈവോള്‍ട്ടേജ് കൊമേഴ്സ്യല്‍ ചിത്രങ്ങളുടെ വന്‍ വിജയം പൃഥ്വിക്ക് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു വമ്പന്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ താരരാജകുമാരന്‍ തയ്യാറെടുക്കുന്നു.
തമിഴകത്തെ ഹിറ്റ്മേക്കര്‍ പേരരശ് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളചിത്രം ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ മുമ്പുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നല്ലോ. തമിഴ് നടന്‍ ആര്യ നായകനാകുമെന്നായിരുന്നു മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്യക്ക് കേരളത്തില്‍ അധികം താരമൂല്യമില്ല എന്നതിനാല്‍ നായകന്‍റെ കാര്യത്തില്‍ പേരരശ് വിപ്ലവകരമായ ഒരു തീരുമാനം എടുത്തിരിക്കുന്നു. സണ്‍ ഓഫ് അലക്സാണ്ടറായി പൃഥ്വിരാജ് അഭിനയിക്കും എന്നാണ് പേരരശ് ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
പൃഥ്വി നായകനായ അന്‍വര്‍, പുതിയ മുഖം തുടങ്ങിയ സിനിമകളിലെ പ്രകടനം കണ്ടിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമാണ് സണ്‍ ഓഫ് അലക്സാണ്ടര്‍. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന അധോലോക നായകന്‍റെ മകന്‍ ആണ് സണ്‍ ഓഫ് അലക്സാണ്ടറിലെ നായകകഥാപാത്രം.
തെന്നിന്ത്യയിലെ വമ്പന്‍മാരായ പ്രകാശ് രാജ്, അര്‍ജുന്‍ എന്നിവര്‍ സണ്‍ ഓഫ് അലക്സാണ്ടറില്‍ അഭിനയിക്കും. ബിജു മേനോന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. നായികയെ തീരുമാനിച്ചിട്ടില്ല. ത്രിഷയോ അസിനോ നായികയായി എത്തുമെന്നാണ് വിവരം.
മുഹമ്മദ് ഷഫീക്കാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സാമ്രാജ്യം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ജോമോന്‍റെ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്‍മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ജോമോന്‍ ഒരുക്കി. എന്നാല്‍ ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ വിജയം ആവര്‍ത്തിച്ചില്ല.