പ്രണയം എന്തെന്ന് അറിയാത്ത മാലാഖ, സ്നേഹം എല്ലായ്‌പ്പോഴും നഷ്ടമായ ഒരു മനുഷ്യന്‍, സ്നേഹത്തിനായി കൊതിക്കുന്ന അനാഥരായ നാല് കുട്ടികള്‍. എല്ലാവരും ചേര്‍ന്ന് നിങ്ങളെ തമാശയിലേക്കും മാന്ത്രികതയിലേക്കും, കണ്ണീരിലേക്കും, പ്രണയത്തിലേക്കും വിരഹത്തിലേക്കും എല്ലാം കൂട്ടിക്കൊണ്ടു പോകും.
അടുത്ത്‌തന്നെ തീയറ്റര്‍ തേടിയെത്തുന്ന കുനാല്‍ കോലി സംവിധാനം ചെയ്യുന്ന ‘തോഡാ പ്യാര്‍ തോഡാ മാജിക്ക്’ തമാശകളും വികാരവിക്ഷുബ്ദതയും മാന്ത്രികതയും പ്രണയവും എല്ലാം ഒന്നിക്കുന്ന ചിത്രമാണ്. സൈഫ് അലിഖാനും റാണി മുഖര്‍ജിയും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ അമീഷ പട്ടേലും അഭിനയിക്കുന്നു.
വിധി ഉള്ളവനെ ഇല്ലാത്തവനും ഇല്ലാത്തവനെ ഉള്ളവനും ആക്കും. എല്ലാം നഷ്ടപ്പെട്ട് ആകെ തകര്‍ന്ന മനുഷ്യനാണ് റണ്‍വീര്‍ തല്‍വാര്‍. വമ്പന്‍ വ്യവസായികളില്‍ ഒരാളായിരുന്ന തല്‍വീറ് ഇന്ന് കിടപ്പാടം പോലും നഷ്ടമായ അവസ്ഥയിലാണ്. സ്നേഹിച്ചതെല്ലാം നഷ്ടപ്പെട്ട് സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും തല്‍വീര്‍ ദാരിദ്രത്തിന്‍റേ ചുഴിയില്‍ പെട്ടു പോയി.
അസൌകര്യങ്ങളും ദാരിദ്രവും പല്ലിളിച്ചു കാട്ടുന്ന തല്‍വാര്‍ അനാഥരായ നാല് കുട്ടികളെ കൂടി നോക്കുന്നുണ്ട്. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ഈ കുട്ടികള്‍ തല്‍വാറിനെ വെറുക്കുകയും അയാളോട് പകവീട്ടാന്‍ നടക്കുകയുമാണ്. ജീവിതം അസന്തുഷ്ടത നിറഞ്ഞ സാഹചര്യത്തില്‍ ഒരിക്കല്‍ ഇവരെല്ലാം ഈ സാഹചര്യങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ദൈവത്തോട് കേണപേക്ഷിച്ചു. അവര്‍ക്ക് മുന്നില്‍ മുഖം തിരിച്ചു നിന്നിരുന്ന ദൈവം ഈ വിളി കേട്ടു.
കുട്ടികളെ പോലെ നിഷ്ക്കളങ്കയും ഏറ്റവും സ്നേഹ സമ്പന്നയും കുസൃതിക്കാരിയുമായ തന്‍റെ മാലാഖമാരില്‍ ഒന്നിനെ ഇവരെ രക്ഷിക്കാനായി ദൈവം അയയ്‌ക്കുകയാണ്. അവരുടെ ചുമതല രണ്‍ബീറിനെയും കുട്ടികളെയും ഒരുമിക്കുക എന്നതാണ്. ഒരു മഴവില്ലില്‍ തുഴഞ്ഞ് ഗീത എന്ന മാലാഖ നാനിയായി രണ്‍ബീറിന്‍റെ വീട്ടിലേക്ക് എത്തുകയാണ്.
തഷന്‍ എന്ന പരാജയ ചിത്രത്തിനു ശേഷം സംവിധായകന്‍ കുനാല്‍ കോലി യാശ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍. നിര്‍മ്മാതാവിന്‍റെ വേഷം കൂടി അണിയുന്ന ചിത്രമാണിത്. വിഷ്വല്‍ എഫക്ടുകളുടെ അകമ്പടിയില്‍ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്ന ചിത്രത്തില്‍ അമീഷാ പട്ടേലിന്‍റെ ഹോട്ട് സീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.