അലോസരപ്പെടുത്തുന്ന ഭരതന്‍

വെള്ളി, 13 ജൂലൈ 2007 (11:55 IST)
FILEWD
‘മലയാളത്തില ആദ്യത്തെ ‘സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍’ എന്നതാണ്‌ ബിജുമേനോന്‍ ചിത്രമായ ‘ഭരതന്‍റെ’ പരസ്യവാചകം. സയന്‍സ്‌ ഫിക്ഷന്‍ സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകന്‍ മലയാള സിനിമയെ ശപിച്ചു പോയാല്‍ അത്‌ഭുതമില്ല. വേറിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന സിനിമ യഥാര്‍ത്ഥ ഭ്രമണ പഥമറിയാതെ കറങ്ങി പ്രേക്ഷകരില്‍ കോട്ടുവായാണ് ഉയര്‍ത്തുന്നത്.

ശാസ്ത്രവിഷയങ്ങളില്‍ അപാരമായ പാണ്ഡിത്യവും ഗവേഷണ ത്വരയുമുള്ള ഭരതന്‍ ജീവിതത്തില്‍ ഒന്നുമാകാതെ ഭാര്യ ഗീതയൊടൊപ്പം വാടകവീട്ടില്‍ കഴിഞ്ഞുകൂടുന്നു. ഒന്നിലും സ്ഥിരമായി ഉറച്ചു നില്‍ക്കാത്തിനാല്‍ ഭരതന്‍റെ പരിശ്രമങ്ങളെല്ലാം പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു പോകുന്നു.പരീക്ഷണങ്ങള്‍ നടത്തി സാമ്പത്തി‍ക പ്രതിസന്ധിയിലാകുന്ന ഭരതനെ രക്ഷിക്കാനെത്തുന്നത്‌ സുഹൃത്ത്‌ പീറ്ററാണ്‌.

ഭരതന്‍റെ വട്ടന്‍ പരീക്ഷണങ്ങളില്‍ ഗീത ആകെ വിഷമത്തിലാണ്‌. അങ്ങനെയിരിക്കെയാണ്‌ ഭൂഗുരുത്വാകര്‍ഷണത്തെ കുറിച്ചുള്ള,ശാസ്ത്ര ചരിത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില നിരീക്ഷണങ്ങള്‍ ഭരതന്‍ നടത്തുന്നത്.എന്നാല്‍ എല്ലാവര്‍ക്കും മുമ്പില്‍ ഭരതന്‍ വട്ടനായി മാറുന്നു. ഭരതനെ കുറിച്ച്‌ കേട്ടറിഞ്ഞ്‌ വിദേശത്ത്‌ നിന്ന്‌ അദ്ദേഹത്തെ രക്ഷിക്കാന്‍ പ്രമുഖ ഗവേഷകന്‍റെ രൂപത്തില്‍ സുരേഷ്ഗോപി എത്തുന്നു. പിന്നീട്‌ ‘മണിച്ചിത്രതാഴി’നെ അനുസ്മരിപ്പിക്കു‍ന്ന ക്ലൈമാക്സ്‌.


FILEFILE
ഭരതനായി ബിജുമേനോന്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഗീതുമോഹന്‍ദാസിന്‍റെ ഭാര്യവേഷം തകരുന്നു.യുവതാരം ജയകൃഷ്ണന്‍റെ പോരായ്മകളും ‘ഭരതനി’ലൂടെ വെളിവാകുന്നു.ഇന്നസെന്‍റ് , കല്‍പന, രാജന്‍ പി ദേവ്‌, സുധീഷ്‌, ജഗതി ശ്രീകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്‌.

കളക്‍ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും നിരൂപകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റുകയും ചെയ്‌‌ത മധുമുട്ടത്തിന്‍റെ തിരക്കഥയാണെന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഒരു സയന്‍സ്‌ ഫിക്ഷന്‍ ഒരുക്കുന്നതിന്‍റെ ത്രില്ലില്‍ സിനിമയുടെ ജീവന്‍ തല്ലിക്കെടുത്തിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സംവിധായകന്‍ അനില്‍ദാസിനാണ്.

മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയിട്ടില്ലെങ്കിലും കേരളത്തിന്‌ ശാസ്ത്രഗവേഷണത്തില്‍ മികച്ച പാരമ്പര്യമാണ്‌ ഉള്ളത്‌. കേരളീയമായ ഇത്തരം അറിവ്‌ പാരമ്പര്യത്തെ ചൂഷണംചെയ്യാനും പുതു തലമുറയ്ക്ക് മനസിലാക്കി കൊടുക്കാനുമാണ്‌ മധുമുട്ടം ശ്രമിക്കുന്നത്‌. എന്നാല്‍ മധുമുട്ടത്തിന്‍റെ ഉദ്ദേശശുദ്ധി സംവിധാ‍യകനു മനസ്സിലാകാതെ വന്നത് പ്രേക്ഷനേയും ബാധിച്ചു. ‌‘ മണിച്ചിത്രതാഴിന്‍റെ’ ആഖ്യാന രീതിയും സിനിമയില്‍ ശഠിക്കുന്നതായും തോന്നും.

FILEFILE
ശാസ്ത്രസിനിമകള്‍ മലയാളത്തില്‍ അധികം സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരം ഒരു പ്രമേയം സിനിമയാക്കാനുള്ള നീക്കം ധീരോദാത്തമായിരുന്നു. എന്നാല്‍ അത്തരം ഒരു സിനിമയൊരുക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മനസിലാക്കാനും മെച്ചപ്പെടുത്താനും അണിയറക്കാര്‍ ശ്രമിക്കേണ്ടിയിരുന്നു.

ഹോളീവുഡിലും ബോളീവുഡിലും കോടികള്‍ വാരി എറിഞ്ഞ്‌ നിര്‍മ്മിക്കുന്ന ശാസ്ത്രസിനിമകള്‍ മലയാളികളും കാണുന്നുണ്ട്‌. അതിനോട്‌ മത്സരിക്കേണ്ടതില്ലെങ്കിലും ദശകങ്ങള്‍ പഴക്കമുള്ള അനിമേഷന്‍ തന്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടതായിരുന്നു.

ശാസ്ത്രസിനിമ എന്ന ലേബലില്‍ ഇറങ്ങിയ ചിത്രത്തിന്‍റെ സാങ്കേതിക പോരായ്മ തന്നെയാണ്‌ സിനിമയുടെ വെല്ലുവിളി. ഒരു ശാസ്ത്ര സിനിമ ഉണര്‍ത്തേണ്ട ഉദ്വേഗമൊന്നും ‘ഭരതന്‍’ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നില്ല, സിനിമയുടെ കഥാഗതിയിലേക്ക്‌ വൈകാരികമായി പ്രവേശിക്കാന്‍ പ്രേക്ഷകനെ സംവിധായകന്‍ അനുവദിക്കുന്നതുമില്ല. സിനിമയിലെ നല്ല പരീക്ഷണങ്ങള്‍ നേരിടുന്ന ഇത്തരം ദുര്‍ഗതികളാണ്‌ വ്യത്യസ്തത ആഗ്രഹിക്കുന്ന സിനിമാ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നത്‌.