അരവിന്ദ് സ്വാമി വീണ്ടും മലയാളത്തില്‍, നായിക മഞ്ജു വാര്യര്‍!

ബുധന്‍, 4 മാര്‍ച്ച് 2015 (16:18 IST)
റോജ, ബോംബെ എന്നീ തമിഴ് സിനിമകള്‍ മലയാളികള്‍ക്ക് മലയാള സിനിമകള്‍ പോലെ പ്രിയങ്കരമാണ്. അരവിന്ദ് സ്വാമി എന്ന നായകനെയും. അരവിന്ദ് സ്വാമി ഒരിക്കല്‍ കൂടി മലയാളത്തില്‍ അഭിനയിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.
 
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അരവിന്ദ് സ്വാമി നായകനാകുന്നത്. സാക്ഷാല്‍ മഞ്ജു വാര്യരാണ് നായിക. ഉര്‍വശിയും രേവതിയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റൊരു പ്രധാനതാരം ബോളിവുഡിലെ മികച്ച നടന്‍‌മാരിലൊരാളായ ബോമന്‍ ഇറാനിയാണ്.
 
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അരുണ്‍ കുമാര്‍ അരവിന്ദിനെതിരെ ഒരു പരാതി നിലനില്‍ക്കുന്നതിനാല്‍ ഈ പ്രൊജക്ടിന്‍റെ ചിത്രീകരണം ആരംഭിക്കാന്‍ അല്‍പ്പം വൈകുമെന്ന് സൂചനകളുണ്ട്.
 
ഡാഡി, ദേവരാഗം എന്നീ മലയാള സിനിമകളില്‍ അരവിന്ദ് സ്വാമി അഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത 'അന്ന' എന്ന മലയാളചിത്രത്തില്‍ വേഷമിട്ടെങ്കിലും അതിന്‍റെ ഷൂട്ടിംഗ് പാതിവഴിയില്‍ നിലച്ചിരുന്നു.

വെബ്ദുനിയ വായിക്കുക