‘മോഹന്‍ലാല്‍ ഞങ്ങളുടെ താരം’ - തെലുങ്ക് സിനിമാലോകം!

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (14:52 IST)
മോഹന്‍ലാല്‍ മലയാളത്തിന്‍റെ മാത്രം സ്വന്തമല്ലെന്ന് പ്രഖ്യാപിക്കുകയാണ് ടോളിവുഡ്. അതേ, മോഹന്‍ലാലിന് വരും വര്‍ഷം മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്ക് ചിത്രങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. തെലുങ്കിലെ സൂപ്പര്‍താരം പവന്‍ കല്യാണ്‍ നായകനാകുന്ന സിനിമയില്‍ നായകനേക്കാള്‍ ഗംഭീര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
 
തെലുങ്കിലെ വമ്പന്‍ ഹിറ്റുകളുടെ സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് ആണ് ഈ മോഹന്‍ലാല്‍ - പവന്‍ കല്യാണ്‍ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് വിവരം.
 
ജനതാ ഗാരേജിന്‍റെയും മന്യം പുലിയുടെയും മഹാവിജയത്തിന് ശേഷം 100 കോടി ക്ലബില്‍ ഇടം നേടുക എന്ന ലക്‍ഷ്യവുമായി തെലുങ്ക് ചിത്രം ഒരുക്കുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് മോഹന്‍ലാലിന്‍റെ ഡേറ്റാണ്. ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയത്തിനൊപ്പമാണ് ഇപ്പോള്‍ തെലുങ്കില്‍ മോഹന്‍ലാലിന്‍റെ സ്ഥാനം.
 
ജനുവരിയിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. തെന്നിന്ത്യയിലെ റോക്ക് സ്റ്റാര്‍ അനിരുദ്ധാണ് ഈ സിനിമയുടെ സംഗീതം.

വെബ്ദുനിയ വായിക്കുക