ഓണത്തിന് മമ്മൂട്ടിച്ചിത്രം പേരിടാതെ പ്രദര്‍ശനത്തിനെത്തുമോ?

തിങ്കള്‍, 12 ജൂണ്‍ 2017 (16:46 IST)
ഇത്തവണ മമ്മൂട്ടിയുടെ ഓണച്ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാംധര്‍ ആണ്. പൃഥ്വിരാജിന്‍റെ സെവന്‍‌ത് ഡേ സംവിധാനം ചെയ്ത ശ്യാമിന്‍റെ പുതിയ സിനിമ പക്ഷേ തീര്‍ത്തും ഒരു കുടുംബചിത്രമാണ്. ഈ സിനിമയ്ക്ക് എന്ത് പേരിടും എന്നതാണ് ഇപ്പോള്‍ ആണിയറ പ്രവര്‍ത്തകരെ കുഴയ്ക്കുന്ന ചോദ്യം. പേരിടാതെ തന്നെ ഈ സിനിമ പ്രദര്‍ശനത്തിനെത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
‘ഒരിടത്തൊരു രാജകുമാരന്‍’ എന്ന് ഈ ചിത്രത്തിന് പേരിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യം സംവിധായകന്‍ തന്നെ നിഷേധിച്ചു. മൈ നെയിം ഈസ് രാജകുമാരന്‍, ലളിതം സുന്ദരം, ‘പുള്ളിക്കാരന്‍ സാറാ’ തുടങ്ങിയവയാണ് പരിഗണിക്കുന്ന മറ്റ് പേരുകള്‍. എന്നാല്‍ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല. ഇനിയെങ്കിലും പേര് നിശ്ചയിച്ചില്ലെങ്കില്‍ പ്രേക്ഷകരിലേക്ക് വേണ്ടത്ര രീതിയില്‍ എത്താന്‍ സിനിമയ്ക്ക് കഴിയാതെ പോകുമെന്ന ആശങ്കയാണ് മമ്മൂട്ടി ആരാധകര്‍ക്ക്.
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
 
ദീപ്തി സതിയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
രതീഷ് രവി തിരക്കഥയെഴുതുന്ന ഒരിടത്തൊരു രാജകുമാരനില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

വെബ്ദുനിയ വായിക്കുക