കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുമ്പായി പൃഥ്വിരാജ് മാധ്യമങ്ങളെ കണ്ടിരുന്നു. ശക്തവും അളന്നുമുറിച്ചതുമായ ചില വാക്കുകളാണ് അന്ന് അദ്ദേഹം പറഞ്ഞത്.
ആ യോഗത്തില്‍ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ പൃഥ്വിരാജാണ് മുന്‍കയ്യെടുത്തതെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പിന്നീട് കേട്ടത്. നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഈ അവസരത്തിലാണ് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അമ്മേ... വെറും അഞ്ചുമിനുറ്റ് കൊണ്ട് എക്‌സിക്യൂട്ടീവ് യോഗം തീര്‍ന്നെന്നാണ് പൃഥ്വി തന്നോട് പറഞ്ഞതെന്നും പുറത്തുവരുന്നതെല്ലാം വെറും കഥകളാണെന്നും മല്ലിക പറഞ്ഞു. യോഗത്തിലേക്ക് കയറുന്നതിനു മുമ്പ് രാജു ഇങ്ങനെയാണ് പറഞ്ഞത്. ‘എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ അഭിപ്രായമുണ്ട്. ഞാനത് ബന്ധപ്പെട്ടവരോട് പറയും. എന്നിട്ട് ഞങ്ങളെല്ലാവരും കൂടി കൂട്ടായ ഒരു തീരുമാനമെടുക്കും’- മല്ലിക പറയുന്നു.
ആ യോഗത്തില്‍ പൃഥ്വിരാജ് ശക്തമായ ഭാഷയില്‍ സംസാരിച്ചുവെന്നായിരുന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതെല്ലാം വെറും കഥകള്‍ മാത്രമാണ്. പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുള്ളതെന്നും മല്ലിക ചോദിക്കുന്നു. എക്കാലത്തും അവന്റെ ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു. ഇത് തന്നെയായിരുന്നു സുകുരമാരന്റെയും കുഴപ്പം. പറയുന്ന വാക്കുകള്‍ക്ക് അതിന്റേതായ ശക്തിയുണ്ട്. വ്യാഖ്യാനങ്ങളുണ്ട്. അത് കേള്‍ക്കുന്നവന് മനസിലാകുമെന്നും മല്ലിക കൂട്ടിചേര്‍ത്തു.