മമ്മൂട്ടിയുടെ കാട്ടാളൻ പൊറിഞ്ചുവിനെന്ത് സംഭവിച്ചു? ജോജുവിനെ പൊറിഞ്ചുവാക്കി ജോഷി!

ശനി, 9 മാര്‍ച്ച് 2019 (12:43 IST)
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിലെ നായകൻ ജോജു ജോർജ് ആണ്. 2015-ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല എന്ന ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
 
അഭിലാഷ് എന്‍. ചന്ദ്രന്റെ തിരക്കഥയില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണിത്. കാട്ടാളൻ പൊറിഞ്ചു എന്നാണ് ജോജുവിന്റെ കഥാപാത്രത്തിന്റെ പേര്. 
 
കാട്ടാളൻ പൊറിഞ്ചു എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക ടോം ഇമ്മട്ടി ഒരുക്കാനൊരുങ്ങുന്ന ചിത്രമാണ്. ഒരു മെക്‌സിക്കന്‍ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്നാണ് ചിത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 
 
അതേസമയം, ജോഷിയുടെ സംവിധാനത്തിൽ പുറത്തുവരുന്ന ഈ ചിത്രത്തിനും മമ്മൂട്ടിയുടെ പൊറിഞ്ചിവിനും എന്തെങ്കിലും സാമ്യം ഉണ്ടോയെന്നാണ് സോഷ്യൽ മീഡിയ പരിശോധിക്കുന്നത്. സംവിധായകൻ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെങ്കിലും സിനിമ വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
 
1985 കാലഘട്ടത്തിലുള്ള തൃശൂരിനെ പശ്ചാതലമാക്കിയാണ് സിനിമ. നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചുവെന്ന ചട്ടമ്പിയുടെ കഥയാണ് മമ്മൂട്ടിയുടെ ചിത്രം പറയുന്നത്. നാട്ടുകാർക്കെല്ലാം പൊറിഞ്ചുവിനെ ഭയമാണ്. വില്ലത്തരം നിറഞ്ഞ നായകനാണ് പൊറിഞ്ചു. സിനിമയുടെ തിരക്കഥ രചന അവസാന ഘട്ടത്തിലേക്ക് എത്തുന്നതെ ഉള്ളു. മമ്മൂട്ടി നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടായിരിക്കും കാട്ടാളന്‍ പൊറിഞ്ചു നിര്‍മ്മിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍