ദിലീപ് മഹാബലിയായി സ്വയം ഉപമിച്ചത് വലിയ തമാശയെന്ന് വിനയന്‍

തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (16:49 IST)
ദിലീപിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. മഹാബലിയെപ്പോലെ തന്നേയും ചിലര്‍ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് നടന്‍ ദിലീപ് മഹാബലിയ്ക്കൊരു തുറന്ന കത്ത് എന്ന് തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെയാണ് വിനയന്‍ വിമര്‍ശിച്ചിരിക്കുന്നത്. പോസ്റ്റില്‍ ദിലീപ് മഹാനായ മഹാബലിയുമായി സ്വയം ഉപമിച്ചത് വല്യ തമാശയായി തോന്നിയെന്നും
ഭയചകിതനായി തന്നെ മഹാബലിയെപ്പോലെ ചവിട്ടിത്താഴ്ത്തുന്നു എന്നു കേഴുന്നത് വ്യക്തിത്വം കളഞ്ഞുകുളിക്കലാണെന്നും  വിനയന്‍ പറഞ്ഞു.

താരമൂല്യം കൈവന്നതുകൊണ്ടു മാത്രം ഒരാള്‍ക്ക് സിനിമ ഇന്‍ഡസ്ട്ട്രിയെ കൈപ്പിടിയിലാക്കാന്‍ കഴിയില്ല. അതിനു ചില തന്ത്രങ്ങള്‍ വേണം - സത്യത്തില്‍ തന്ത്രമല്ല.. കുതന്ത്രം - അതിന്റെയൊക്കെ ആശാനായ പ്രിയ സുഹൃത്തെ, നിങ്ങള്‍ പെട്ടെന്നൊരു ദിവസം ഭയചകിതനായി എന്നെ മഹാബലിയെപ്പോലെ ചവിട്ടിത്താഴ്ത്തുന്നു എന്നു കേഴുന്നത് നിങ്ങളുടെ വ്യക്തിത്വം കളഞ്ഞുകുളിക്കലാണ് വിനയന്‍ പറഞ്ഞു.


വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ...

എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംകള്‍

ഓണത്തിന്റെ ഐതിഹ്യത്തെ പറ്റി പല രീതിയിലും നമുക്കു വ്യാഖ്യാനിക്കാന്‍ കഴിയും. പക്ഷെ പറഞ്ഞ വാക്കു പാലിക്കാനായി നിര്‍ഭയമായി തീരുമാനമെടുത്ത സത്യസന്ധനും ധീരനുമായ മഹാബലി എന്ന ഭരണാധികാരിയുടെ വ്യക്തിത്വത്തെ മുന്‍നിര്‍ത്തി ഈ ഓണത്തെ വിലയിരുത്തുന്നതാണ് കൂടുതല്‍ അഭികാമ്യം എന്നെനിക്കു തോന്നുന്നു.

രാജ്യം നഷ്ടപ്പെട്ടാലും പാതാളത്തില്‍ പോകേണ്ടി വന്നാലും താന്‍ എടുത്ത നിലപാടൊ, കൊടുത്ത വാക്കൊ മാറ്റാന്‍ തയ്യാറാകാഞ്ഞ മഹാബലി എന്ന ഭരണാധികാരിയേയും - അധികാരക്കസേര നിലനിര്‍ത്താന്‍ വേണ്ടി എത്ര തവണ വേണേല്‍ വാക്കുമാറ്റാന്‍ തയ്യാറാവുന്ന അഭിനവ ഭരണാധികാരികളേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് വല്യ തമാശ തന്നെ ആയിരിക്കും.

ഇപ്പോള്‍ നമ്മുട നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയമായ മദ്യനിരോധനം തന്നെ ഒന്നു വിശകലനം ചെയ്തു നോക്കു. മദ്യാസക്തിയുടെ വിപത്ത് ജനങ്ങളെ മനസ്സിലാക്കി അതില്‍ നിന്നു മുക്തരാക്കണമെന്നും - മദ്യവര്‍ജ്ജനം നടപ്പിലാക്കണമെന്നുമുള്ള കാര്യത്തില്‍ സാമാന്യ ബോധമുള്ള ആരും എതിരു നില്‍ക്കുമെന്നു തോന്നുന്നില്ല. പക്ഷെ പ്രായോഗികമായി ചിന്തിച്ചേ ഇക്കാര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ തീരുമാനം എടുക്കാന്‍ കഴിയൂ - കൈയ്യടി കിട്ടുന്ന ആദര്‍ശം ആര്‍ക്കും പ്രസംഗിക്കാനാകും പക്ഷെ നിയമവും, സത്യവും, എല്ലാവര്‍ക്കും തുല്യ നീതിയുമൊക്കെ പാലിക്കേണ്ട ഭരണാധികാരിക്ക് ആ കൈയ്യടിയുടെ പുറകെ പോകാനാകില്ല എന്നു ശ്രീ ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് ബഹുമാനമാണ് തോന്നിയത്. എന്നാല്‍ തന്റെ കൂടെ നിന്നവരൊക്കെ കൈയ്യടി രാഷ്ട്രീയത്തിന്റെ മുഖം മൂടി ധരിക്കുകയും താന്‍ മദ്യ ലോബിയുടെ ആളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ഭയന്നുപോയ മുഖ്യമന്ത്രി കൂട്ടുകാരെയൊക്കെ തോല്‍പ്പിച്ച് വളയമില്ലാതെ മേലോട്ട് ചാടി മദ്യ നിരോധനം തന്നെ പ്രഖ്യാപിച്ചു. ഇതിനെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമെന്നു പറയാം. അല്ലാതെ ഭയലേശമന്യെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധതയായി കാണാന്‍ കഴിയില്ല. അപ്രായോഗികമായ ഊട്ടോപ്പിയന്‍ നിലപാടായിരിക്കും മദ്യനിരോധന തീരുമാനം എന്ന ചര്‍ച്ച നേരത്തെ കൈയ്യടിക്കു പുറകെ പോയവര്‍ പോലും ഇന്നു തുടങ്ങിയിരിക്കുന്നു. കസേര പോകുമെന്ന ഭയത്തിന്റെ പേരില്‍ തന്റെ നിലപാടു മാറ്റേണ്ടിയിരുന്നില്ല എന്ന് ബഹുമാന്യനായ മുഖ്യമന്ത്രിക്കു ഇപ്പോള്‍ തോന്നുന്നുണ്ടാവും.

മാവേലിയെ പോലെ തന്നെയും ചിലര്‍ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്നു എന്നു വിലപിച്ചുകൊണ്ട് ഒരു പ്രമുഖ സിനിമാനടന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. താനെടുത്ത നിലപാടില്‍ ഉറച്ചു നിന്ന് പാതാളത്തിലേക്കു പോകാന്‍ തയ്യാറായ മഹാബലിയുമായി അയാള്‍ സ്വയം ഉപമിച്ചത് വേറൊരു തമാശയായാണ് തോന്നിയത്. തന്റെ നിലപാടുകളില്‍ ഉറപ്പില്ല അതിലെന്തൊ കുഴപ്പമുണ്ട് എന്നു സ്വന്തം മനസ്സാക്ഷിക്കു തോന്നുമ്പോഴാണ് ഇങ്ങനെ ഇല്ലാത്ത ചവിട്ടി താഴ്ത്തലുകളൊക്കെ സങ്കല്‍പ്പിച്ച് നമ്മള്‍ വിലപിക്കുന്നത്.

സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത മഹാസൗഭാഗ്യങ്ങളും സമ്പത്തും സ്വന്തമാക്കിയ നിങ്ങളെ അങ്ങനെയാര്‍ക്കും ചവിട്ടിത്താഴ്ത്താന്‍ കഴിയില്ല സുഹൃത്തെ. അതു വെറും തോന്നലാണ്. മറിച്ച്, തന്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടി എടുത്ത നിലപാടുകളില്‍ ഭയപ്പെടാതെ ഉറച്ചുനിന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കൂ. ആദ്യകാലങ്ങളില്‍ എന്റെ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു നടനാണിദ്ദേഹം - ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഒരു ജ്യേഷ്ഠനെപ്പോലെ സന്തോഷിച്ച വ്യക്തിയായിരുന്നു ഞാന്‍. ഞാന്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ എടുക്കേണ്ടി വന്ന ന്യായമായ ചില ഇടപെടലുകള്‍ അന്ന് ഈ നടന്‍ ഉണ്ടാക്കിയ ചില പ്രശ്നങ്ങളുടെ പേരിലായിരുന്നു. വെറും ഒരു ശാസന പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ തന്നെ ശാസിക്കാന്‍ ശ്രമിച്ചയാളെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ച് സിനിമാ ഇന്‍ഡസ്ട്ട്രിയില്‍ നിന്ന് ഒറ്റപ്പെടുത്താനും തോല്‍പ്പിക്കാനും കഴിഞ്ഞ വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തെ ബഹുമാനത്തോടു കൂടിയെ അതിനു ശേഷം ഞാന്‍ കണ്ടിട്ടുള്ളു. താരമൂല്യം കൈവന്നതുകൊണ്ടു മാത്രം ഒരാള്‍ക്ക് സിനിമ ഇന്‍ഡസ്ട്ട്രിയെ കൈപ്പിടിയിലാക്കാന്‍ കഴിയില്ല. അതിനു ചില തന്ത്രങ്ങള്‍ വേണം - സത്യത്തില്‍ തന്ത്രമല്ല.. കുതന്ത്രം - അതിന്റെയൊക്കെ ആശാനായ പ്രിയ സുഹൃത്തെ, നിങ്ങള്‍ പെട്ടെന്നൊരു ദിവസം ഭയചകിതനായി എന്നെ മഹാബലിയെപ്പോലെ ചവിട്ടിത്താഴ്ത്തുന്നു എന്നു കേഴുന്നത് നിങ്ങളുടെ വ്യക്തിത്വം കളഞ്ഞുകുളിക്കലാണ്.

ഇന്ന് നിങ്ങള്‍ എടുത്ത ചില നിലപാടുകള്‍ തെറ്റാണെന്ന് തോന്നുന്നെങ്കില്‍ അതില്‍ മാപ്പു പറഞ്ഞ് തിരുത്തി സ്വയം ടെന്‍ഷന്‍ ഒഴിവാക്കുക - അതല്ലെങ്കില്‍ എടുത്ത നിലപാടില്‍ ഉറച്ചു നിന്ന് സധൈര്യം മുന്നോട്ട് പോകുക. ഇതു രണ്ടുമല്ലാതെ ആരുടെയെങ്കിലും തലയില്‍ കുറ്റം കെട്ടിവെച്ച് സെന്റിമെന്റ്സ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാള്‍ മഹാനായ മഹാബലിയുമായി സ്വയം ഉപമിക്കുന്നത് വല്യ തമാശ തന്നെയാണ്. കേരളത്തിലെ എല്ലാ മാദ്ധ്യമത്തിലും ഇക്കാര്യം വല്യ വാര്‍ത്തയായി വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്.

പറഞ്ഞുവന്നത് മഹാബലിയുടെ മാഹാത്മ്യത്തെ കുറിച്ചാണ്. തനിക്കു ശരിയെന്നു തോന്നുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അതെടുത്തതിന്റെ പേരില്‍ ഉണ്ടായ ഭവിഷ്യത്ത് മറ്റാരുടെയും തലയില്‍ വെക്കാതെ സ്വയം ഏറ്റെടുക്കുകയും ചെയ്ത ധീരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന മഹാബലി. ഇത്തവണ ഓണമുണ്ണുമ്പോള്‍ ആ വ്യക്തിത്വത്തിന്റെ ആരാധകരായി നമുക്കു മാറാം.











മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക