വിക്രമിന്റെ ഇരുമുഖന് കേരളത്തിൽ തിരിച്ചടി

ചൊവ്വ, 23 ഓഗസ്റ്റ് 2016 (13:36 IST)
വിക്രമും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ഇരുമുഖൻ റിലീസിനൊരുങ്ങുകയാണ്. ഇരുമുഖന്റെ റിലീസ് തിയതി ആദ്യം തീരുമാനിച്ചിരുന്നത് സെപ്റ്റംബർ ഒന്നിനായിരുന്നു. എന്നാൽ പിന്നീട് റിലീസ് സെപ്റ്റംബർ എട്ടിലേക്ക് നീട്ടുകയുണ്ടായി. റിലീസ് നീട്ടിയത് കേരളത്തിലെ വിതരണക്കാരെ കുഴക്കിയിരിക്കുകയാണ്.
 
കേരളത്തിലെ തീയേറ്ററുകളിൽ റെക്കോർഡ് റിലീസ് ആയിരുന്നു ചിത്രം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഓണം സീസൺ ആയതിനാൽ മലയാളചിത്രങ്ങൾ തീയേറ്ററിലെത്തുന്നതും ഇതേ ആഴ്ചയിലാണ്. ഇത് ഇരുമുഗന് വൻ തിരിച്ചടി ഉണ്ടാക്കുമോ എന്ന ഭയത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആദ്യ ദിവസം റെക്കോർഡ് കളക്ഷൻ എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യം. എന്നാൽ ഓണച്ചിത്രങ്ങളെ തീയേറ്ററുകൾ വരവേൽക്കുമ്പോൾ ഇരുമുഗന് തീയേറ്ററുകൾ കുറയുമോ എന്നാണ് ഇപ്പോൾ ആശങ്കപ്പെടുത്തുന്ന വിഷയം. 
 
തിയേറ്റർ കുറഞ്ഞാൽ വലിയ നഷ്ടമാകും വിതരണക്കാർക്കും സംഭവിക്കുക. മാത്രമല്ല ചിത്രം ഇതുവരെയും സെൻസറിങ് കഴിഞ്ഞിട്ടില്ല. അതിന് ശേഷമാകും റിലീസ് തിയതി ഔദ്യോഗികമായി അറിയിക്കുന്നത്. വിക്രവും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ഇരുമുഗൻ സ്പൈ ത്രില്ലറാണ്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു താരം. 

വെബ്ദുനിയ വായിക്കുക