മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ നായിക ട്രാൻസ്‌ജൻഡർ!

ഞായര്‍, 15 ജനുവരി 2017 (16:49 IST)
ട്രാൻസ്ജൻഡർ എന്ന് പറയുമ്പോൾ തന്നെ സമൂഹം മുഖം ചുളിയ്ക്കാറുണ്ട്. എവിടേയും തഴയ്പ്പെട്ടിട്ടേ ഉള്ളു അവർ. എന്നാൽ താൻ ആഗ്രഹിച്ചത് പോലെ സിനിമയിൽ തിളങ്ങാൻ അവസരം ലഭിച്ചയാളാണ് അഞ്ജലി അമീർ. അഞ്ജലിയെ തേടിയെത്തിയിരിക്കുന്നത് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ്. ട്രാൻസ്ജൻഡറുകളുടെ ഇടയിൽ നിന്നും ആദ്യം സിനിമയിലേക്ക് എത്തിയ 21കാരി പെൺകുട്ടിയാണ് അഞ്ജലി.
 
''മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. ആദ്യമായിട്ടാണ് മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് അനുഗ്രഹമാണ്. എന്നെ സഹായിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്''. അടുത്തിടെ ഒരു അഭിമുഖത്തിൽ അഞ്ജലി പറഞ്ഞതാണിത്. 
 
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പേരൻപ് എന്ന തമിഴ് ചിത്രത്തിലാണ് നായികയായി അഞ്ജലി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. തമിഴിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
 
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. കൊടൈക്കനാലിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം. 
 
(ചിത്രത്തിന് കടപ്പാട്: സോഷ്യൽ മീഡിയ)

വെബ്ദുനിയ വായിക്കുക