വെറും മൂന്ന് ദിവസം, നേടിയത് 15 കോടി; മമ്മൂട്ടി ബോക്സ് ഓഫീസ് ഭരിക്കുന്നു!

തിങ്കള്‍, 3 ഏപ്രില്‍ 2017 (10:15 IST)
ഇനി ബോക്സ് ഓഫീസ് മമ്മൂട്ടി ഭരിയ്ക്കും. ഒന്നാംസ്ഥാനം മമ്മൂക്കയ്ക്ക് തന്നെ എന്ന് ഉച്ചത്തില്‍ അലറിവിളിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ദി ഗ്രേറ്റ്ഫാദര്‍ ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോൾ 15 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിവസത്തേയും രണ്ടാംദിവസത്തേയും സകല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ് ഗ്രേറ്റ് ഫാദർ.
 
3.72 കോടിയാണ് മൂന്നാം ദിവസം കേരളത്തിൽ നിന്നുമാത്രമായി സിനിമ സ്വന്തമാക്കിയത്. കേരളത്തിന് പുറത്തെ കണക്കെടുത്താൽ 1.57 കോടിയാണ് മൂന്നാം ദിവസം ഗ്രേറ്റ് ഫാദർ വാരിക്കൂട്ടിയത്. തമിഴ്നാട്ടിൽ ആര്യ ഫാൻസിന്റെ ഷോയും മമ്മൂട്ടി ഫാൻസിന്റെ ഷോയുടെയും കണക്കുകൾ ഇതിൽ ഉൾപ്പെടും.
 
മാർച്ച് 31നും ഏപ്രിൽ 1നും ഓസ്ട്രേലിയയിൽ നടത്തിയ ഫാൻസ് ഷോകളിൽ ആകെ കളക്ഷൻ ലഭിച്ചത് 4 ലക്ഷം രൂപയാണെന്ന് ബോക്സ് ഓഫീസ് അപ്ഡേഷൻസ് വ്യക്തമാക്കുന്നു. മൂന്ന് ദിവസം പിന്നിടുമ്പോൾ ഗ്രേറ്റ് ഫാദർ വാരിക്കൂട്ടിയത് 15.08 കോടി രൂപയാണ്. ട്രെയ്ഡ് അനാലിസിസിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച ഇതിലും കൂടുതൽ കളക്ഷൻ നേടാൻ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് വിശ്വാസം. ഞായറാഴ്ചത്തെ റിപ്പോർട്ട് ബോക്സ് ഓഫീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
ഒന്നാം ദിനം 4.31 കോടി രൂപയാണ് ഗ്രേറ്റ്ഫാദര്‍ വാരിക്കൂട്ടിയത്. രണ്ടാം ദിവസം മലയാള സിനിമയെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് 5.23 കോടിയാണ് സിനിമ നേടിയത്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായമനുസരിച്ച് ആദ്യം 30 ദിവസത്തിനുള്ളില്‍ ദി ഗ്രേറ്റ്ഫാദര്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. 
 
എന്തായാലും മമ്മൂട്ടി ഫുള്‍ ഫോമില്‍ ബോക്സോഫീസ് ഭരിക്കുന്നത് ഏറെക്കാലത്തിന് ശേഷമാണ് കാണാന്‍ കഴിയുന്നത്. മലയാളത്തിലെ ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു ഗ്രേറ്റ് ഫാദര്‍ വരവറിയിച്ചത്. പുലിമുരുകന്റെ മറ്റ് റെക്കോര്‍ഡുകളും ഗ്രേറ്റ് ഫാദര്‍ തകര്‍ക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 
 
അതിവേഗം പത്ത് കോടി നേടിയെന്ന പുലിമുരുകന്റെ റെക്കോര്‍ഡും ഇനി ഗ്രേറ്റ് ഫാദറിന് സ്വന്തം. പുലിമുരുകന്‍ മൂന്ന് ദിനം കൊണ്ട് നേടിയ റെക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ ആദ്യ രണ്ട് ദിനം കൊണ്ടുതന്നെ മറികടന്നു. 
ആദ്യ ദിനകളക്ഷനുകളിലെ ഫാന്‍സിന്റെ തിരക്ക് കഴിഞ്ഞാല്‍ പിന്നീട് സിനിമകളുടെ കളക്ഷന്‍ നിയന്ത്രിക്കുന്നത് കുടുംബ പ്രേക്ഷകരാണ്. അക്കാര്യത്തിലും ഗ്രേറ്റ് ഫാദറിന് ആശ്വസിക്കാം. ചിത്രത്തെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക