കങ്കുവയുടെ കനത്ത പരാജയം സൂര്യയെയും ആരാധകരെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്. ഇതിനിടെയാണ് സൂര്യ 45 പ്രഖ്യാപിച്ചത്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ കഥയെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിൽ ആണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്. ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ മെയിൽ വേർഷൻ ആണോ സൂര്യ 45 എന്നും ചോദ്യമുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ ദൈവമായി സൂര്യ എത്തുന്ന ഭാഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്.