എഴുത്തുകാരി മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുതെന്ന് മലയാളത്തിലെ എഴുത്തുകാരിയും സഹസംവിധായികയുമായ ശ്രീബാല കെ മേനോൻ. കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചർച്ച ചെയ്യുന്നവർ അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീബാല രംഗത്തെത്തിയത്.
ശ്രീബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചർച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്,
ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേർത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേർത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവർ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികൾ ചർച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ്. അവർ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിളി ഒഴിവാക്കാൻ അപേക്ഷിക്കുന്നു.