ചാവേര്‍ ഡീഗ്രേഡിങ്ങിന് പിന്നില്‍ കണ്ണാടിയില്‍ സ്വന്തം വൈകൃതം കാണുന്നവര്‍:ഷിബു ബേബി ജോണ്‍

കെ ആര്‍ അനൂപ്

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (12:24 IST)
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ചാവേര്‍. സിനിമയെ പ്രശംസിച്ച് മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവും നിര്‍മാതാവുമായ ഷിബു ബേബി ജോണ്‍.
 
ഷിബു ബേബി ജോണിന്റെ കുറിപ്പ് 
 
ഞാനിന്ന് ചാവേര്‍ കണ്ടു. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിന്റെ സമകാലിക പ്രസക്തി കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ് സ്‌റ്റൈല്‍ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ചൊരു ചിത്രമാണ് ചാവേര്‍. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ല. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതിയതയുമെല്ലാം തുറന്നുകാട്ടാന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നത് അഭിനന്ദനാര്‍ഹമാണ്.
 
എന്നാല്‍, ഈ ചിത്രത്തെ തകര്‍ക്കാന്‍ ആദ്യദിനം മുതല്‍ തന്നെ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്‌ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയില്‍ സ്വന്തം വൈകൃതം ദര്‍ശിക്കുന്നവരാണ്, ഈ സിനിമ പറയുന്ന വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ആ കുഴിയില്‍ നാം വീഴരുത്.
 
ചാവേര്‍ നാമോരോരുത്തരും തിയേറ്ററില്‍ തന്നെ പോയി കാണേണ്ട സിനിമയാണ്. വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരായി മികച്ച സിനിമാനുഭവം നാം നഷ്ടപ്പെടുത്തരുത്. മനോഹരമായ ഒരു തീയേറ്റര്‍ അനുഭവം സമ്മാനിച്ചതിന് സംവിധായകന്‍ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ് മാത്യുവിനും അഭിനന്ദനങ്ങള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍