കണ്ടുമടുത്ത പതിവ് കാഴ്ചകളിൽ നിന്ന് മലയാള സിനിമ മാറുന്നു, സിനിമയല്ല ഇത് ജീവിതം; നന്മയുള്ള ചിരി മാത്രം സമ്മാനിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളമെന്ന് സത്യൻ അന്തിക്കാട്

ശനി, 16 ജൂലൈ 2016 (10:21 IST)
ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ടിൽ പിറന്ന അനുരാഗ കരിക്കിൻ വെള്ളത്തെ പുകഴ്ത്തി സംവിധായകൻ സത്യൻ അന്തിക്കാട്. പ്രേക്ഷകന്റെ അഭിരുചികളോട് ചേർന്ന് നിൽക്കുമ്പോഴാണ് ഒരു സിനിമ പ്രിയപ്പെട്ടതാകുന്നത്. അത്തരത്തിലൊരു സിനിമയാണിതെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. 
 
സത്യൻ അന്തിക്കാടിന്റെ വാക്കുകളിലൂടെ:
 
പ്രേക്ഷകന്റെ അഭിരുചികളോട് ചേർന്ന് നിൽക്കുമ്പോഴാണ് ഒരു സിനിമ പ്രിയപ്പെട്ടതാകുന്നത്. അടുത്ത കാലത്ത് അങ്ങനെ കുറെ ചിത്രങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഏറ്റവും പുതിയ ഇഷ്ടം 'അനുരാഗ കരിക്കിൻവെള്ള'ത്തിനോടാണ്. കാണുന്നത് സിനിമയല്ല, ജീവിതം തന്നെയാണെന്ന തോന്നലുണ്ടാക്കാൻ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിരിക്കുന്നു.
 
നന്മയുള്ള- വിശുദ്ധിയുള്ള ചിരി ഈ ചിത്രം സമ്മാനിക്കുന്നു. സന്തോഷമുണ്ട്. കണ്ടുമടുത്ത പതിവ് കാഴ്ചകളിൽ നിന്ന് മലയാളസിനിമയും മാറുകയാണ്. ഖാലിദ് റഹ്മാന് നന്ദി പറയുന്നു. ഒപ്പം സ്വാഭാവികമായ സംഭാഷണങ്ങളെഴുതിയ നവീൻ ഭാസ്കറിനും, അതിമനോഹര ദൃശ്യങ്ങളൊരുക്കിയ ജിംഷി ഖാലിദിനും.
 
ബിജു മേനോനും, ആസിഫ് അലിയും, ആശാ ശരത്തും, പുതിയ നായികയുമടക്കം എല്ലാവരും അതിശയിപ്പിക്കും വിധം അഭിനയിച്ചു. ഓരോ ചലനത്തിലും ചിരിയൊളിപ്പിക്കുന്ന സൗബിൻ ഷാഹിർ പ്രത്യേകിച്ചും.
 
'അനുരാഗ കരിക്കിൻവെള്ള'ത്തിന്റെ ടീമിലുള്ള എല്ലാവർക്കും, ഓഗസ്റ്റ് സിനിമക്കും അഭിനന്ദനങ്ങൾ.

വെബ്ദുനിയ വായിക്കുക