സംവൃതയുമായി പ്രണയത്തിലെന്ന് ഗോസിപ്പ്; അന്ന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെ

ചൊവ്വ, 31 ഓഗസ്റ്റ് 2021 (07:38 IST)
മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ എന്ന നിലയിലാണ് കരിയറിന്റെ തുടക്കകാലത്ത് പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനും താഴെ താരമൂല്യമുള്ള നടനാകാന്‍ പൃഥ്വിരാജിന് സാധിച്ചു. അതേ സമയത്ത് തന്നെയാണ് പൃഥ്വിരാജ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. അക്കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി സംവൃത സുനിലുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്നും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. എന്നാല്‍, ഇത്തരം ഗോസിപ്പുകളെയെല്ലാം ചിരിച്ചു തള്ളുകയാണ് പൃഥ്വിരാജ് അന്ന് ചെയ്തത്. 
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംവൃതയുമായുള്ള ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. 
 
താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകുമെന്നും താരം പറഞ്ഞു. സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവന്‍, നവ്യ നായര്‍, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും പൃഥ്വി പറഞ്ഞു. 
 
തങ്ങളെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു. സംവൃതയുടെ വീട്ടില്‍ പോയിരുന്നു. സംവൃതയുടെ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നതെന്നും പൃഥ്വി പറഞ്ഞു. മാത്രമല്ല അതേ അഭിമുഖത്തില്‍ തന്നെ തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇന്‍ഫാക്ചുവേഷന്‍ തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. 
 
വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജുമായുള്ള ഗോസിപ്പുകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി സംവൃതയും അതിനെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍