'അവര്‍ കല്യാണം കഴിക്കുന്നതിന് ഞങ്ങള്‍ അമ്പലത്തില്‍ പോകാതിരിക്കണോ?'; കത്രീന-വിക്കി വിവാഹത്തിനായി ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചു, ക്ഷുഭിതരായി ജനം, പൊലീസിന് പരാതി
രാജസ്ഥാനിലെ സവായ് മഥോപൂര്‍ ജില്ലയിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് ആഡംബര വിവാഹം നടക്കുക. കത്രീന-വിക്കി വിവാഹത്തിനു മുന്നോടിയായി റിസോര്‍ട്ട് പരിസരത്ത് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ പൊതുജനത്തിന് ശല്യമായി തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. വിവാഹം നടക്കുന്ന റിസോര്‍ട്ടിന് അടുത്ത് ചൗത് മാതാ മന്ദിര്‍ എന്ന പ്രസിദ്ധമായ ക്ഷേത്രമുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്. അഭിഭാഷകനായ നേത്രബിന്ദു സിങ് ജധൗന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്രത്തിലേക്ക് നിയന്ത്രണമുള്ളത്. ഇത് ഉടന്‍ നീക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സിനിമാ താരങ്ങള്‍ വിവാഹം കഴിക്കുന്നുണ്ടെന്ന് കരുതി ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ പാടില്ലേ എന്നാണ് പരിസരവാസികളുടെ ചോദ്യം.