'അമുദവനെ ഇഷ്ടപ്പെടാൻ കാരണം അയാൾ 'നെയ്പ്പായസ 'ത്തിലെ ഭർത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാൾ ശപിക്കുന്നില്ല. അവൾ തനിച്ചുതാണ്ടിയ കനൽദൂരങ്ങളോർത്ത് അയാൾക്ക് പശ്ചാത്താപമുണ്ട്.രാവിലെ കുട്ടികളെ ഉണർത്തുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങൾ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേൽ ലാഘവത്തോടെ നാമതിനെ അവഗണിക്കും.
പേരൻപ് പലരെയും ഓർമ്മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം!
മുറിച്ചുകടക്കാനാകാത്ത സങ്കടനദികളിൽപ്പെട്ടുഴലുന്ന എത്രയോ പേർ!
എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാൽ കുരുങ്ങിക്കിടപ്പവർ ...
സ്വന്തം കുഞ്ഞ് തങ്ങൾക്കു മുൻപേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാർത്ഥനകളിൽ അഭയം തേടുന്നവർ..