സഹായിച്ചത് ദിലീപ് മാത്രം, ഒരിക്കൽ പോലും പണം തിരികെ ചോദിച്ചിട്ടില്ല; ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഭാര്യ പറയുന്നു

ശനി, 17 ഫെബ്രുവരി 2018 (14:41 IST)
മലയാളത്തിലെ അതുല്യ നടന്മാരിലൊരാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. തന്റേതായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ 2006 മെയ് 27നാണ് മരണപ്പെട്ടത്. വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു മരണം.
 
എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം സിനിമാമേഖലയിൽ നിന്നും ഒരാൾ പോലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ഒടുവിലിന്റെ ഭാര്യ പത്മജം പറയുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഒടുവിലിന്റെ മരണശേഷം സിനിമാക്കാർ ആ‌രും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് അവർ വ്യക്തമാക്കിയത്.  
 
ഒടുവിലിന്റെ മരണ ശേഷം 89 വയസ്സായ അമ്മയ്‌ക്കൊപ്പമാണ് പത്മജം താമസിക്കുന്നത്. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലാണ് മാതാവ്. അവരുടെ പെൻഷൻ തുകയാണ് ജീവിതമാർഗം. 'അദ്ദേഹമുണ്ടായിരുന്നപ്പോൾ ചിത്രീകരണം ഒറ്റപ്പാലത്താണെങ്കില്‍ മിക്ക ദിവസങ്ങളിലും വീട്ടിലെത്തുമായിരുന്നു. കൂടെ പല സിനിമാക്കാരും അന്നു വന്നിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ കൂടെ വന്നവരാരും മരണശേഷം ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല'- പത്മജ ആരോപിക്കുന്നു.
 
സിനിമാക്കാരില്‍ സത്യന്‍ അന്തിക്കാടും നടന്‍ ദിലീപും മാത്രമാണ് സഹായിച്ചിട്ടുള്ളതെന്നും പത്മജം പറയുന്നു. അവർ ചെയ്തു തന്ന സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല, ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ തിരികെ കൊടുക്കാനുണ്ടെന്നാണ് പത്മജ പറഞ്ഞത്. ദിലീപ് ഒരിക്കൽ പോലും ഈ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍