പ്രതികാരങ്ങൾക്ക് അനേകം മുഖങ്ങളുണ്ട്, ഓർമകൾക്കും; കുടുംബകഥയുമായി പൃഥ്വിരാജ്

വ്യാഴം, 18 ഓഗസ്റ്റ് 2016 (08:42 IST)
സസ്‌പെന്‍സ് ത്രില്ലറുകള്‍ക്ക് പുതിയ മാനം നല്‍കിയ ജീത്തു ജോസഫ് യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനൊപ്പം ഒന്നിക്കുന്ന ഊഴത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്ന അനില്‍ ജോണ്‍സന്‍ തന്നെയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് ഗാനരചന. പ്രതികാരത്തിന് അനേകം മുഖങ്ങളുണ്ടെന്നായിരുന്നു ചിത്രത്തിന്റെ ടീസറിന്റെ ടാഗ്‌ലൈൻ.
 
മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വീരാജും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍, നീരജ് മാധവ്, പശുപതി, കിഷോര്‍ സത്യ, ദിവ്യാ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പ്രതികാരത്തിന്റെ കഥ പ്റയുന്ന ചിത്രമാണെന്നാണ് വാർത്തകൾ.
 
ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വരുന്ന സെപ്റ്റംബര്‍ എട്ടിന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക