ബിഗ് ബജറ്റൊന്നും വേണ്ട, കുറഞ്ഞ ചെലവിലും നിവിൻ പോളിയെ കിട്ടും !
ചൊവ്വ, 8 സെപ്റ്റംബര്‍ 2015 (17:59 IST)
നിവിൻ പോളിയുടെ പ്രതിഫലം ഒന്നരക്കോടിയിൽ കൂടുന്നു, നിവിൻ നായകനാകുന്ന ചിത്രങ്ങളുടെ ബജറ്റ് 10 കോടിയോട് അടുക്കുന്നു എന്നൊക്കെയുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. എങ്കിൽ കേട്ടോളൂ, ലോബജറ്റ് സിനിമകളൊട് സഹകരിക്കാനും സൂപ്പർസ്റ്റാർ തൽപ്പരൻ തന്നെയാണ്. നിവിൻറെ അടുത്ത രണ്ടു സിനിമകൾ ചെറിയ ബജറ്റിൽ ഒരുങ്ങുന്നവയാണ്. വമ്പൻ കൊമേഴ്സ്യൽ വിജയങ്ങളുടെ ഭാഗമായി തുടരുമ്പോഴും സമാന്തരസിനിമകളിലും സാന്നിധ്യമറിയിക്കുകയാണ് നിവിൻ. ഇക്കാര്യത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും പാത തന്നെയാണ് നിവിൻ പിന്തുടരുന്നത്.
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നിവിൻ പോളിയാണ് നായകൻ. വിദ്യാർത്ഥി രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ നേതാവായാണ് നിവിൻ വേഷമിടുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടി നായികയാകുമെന്നാണ് അറിയുന്നത്. നവാഗതനായ ബി രാകേഷിൻറേതാണ് തിരക്കഥ.
യൂണിവേഴ്സൽ സിനിമ നിർമ്മിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബർ 26ന് ആരംഭിക്കും. ലാൽ ജോസ് ചിത്രത്തിനായി മാറ്റിവച്ചിരുന്ന ഡേറ്റാണ് നിവിൻ പോളി സിദ്ധാർത്ഥ് ശിവയ്ക്ക് നൽകിയിരിക്കുന്നത്. ലാൽ ജോസിൻറെ സിനിമയുടേ പ്രീപ്രൊഡക്ഷൻ ജോലികൾ തീരാൻ ഇനിയും സമയമെടുക്കും.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും സിദ്ധാർത്ഥ് ശിവയുടെ സിനിമയിലേത്. നിവിനും സിദ്ധാർത്ഥ് ശിവയും 'പുതിയ തീരങ്ങൾ' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഡോ.ബിജു സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ. ഈ സിനിമയും കുറഞ്ഞ ബജറ്റിൽ ഒരുക്കാനാണ് പദ്ധതി.