മലയാള സിനിമയെ പുതിയൊരു തലത്തിലേക്ക് കൊണ്ടുവന്ന ചിത്രമാണ് പുലിമുരുകൻ. 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോർഡും പുലിമുരുകൻ സ്വന്തമാക്കി കഴിഞ്ഞു. നായകസങ്കൽപ്പത്തിന് പുതിയ ഭാഷ്യം കുറിച്ച മോഹൻലാലിന്റെ മുഖത്തെ കൗതുകമാണ് ഇന്ന് മലയാള സിനിമയെ നൂറ് കോടി ക്ലബ്ബിൽ എത്തിച്ചതെന്ന് മറ്റൊരു സൂപ്പർതാരമായ സുരേഷ് ഗോപി. മോഹൻലാലിനെക്കുറിച്ച് കെ സുരേഷ് എഴുതിയ നടന വിസ്മയം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി എം പി.
നടനകലയുടെ അത്ഭുതവും വിസ്മയവുമാണ് മോഹൻലാൽ എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പ്രേംനസീർ തിളങ്ങിൽക്കുന്ന കാലത്താണ് പുതിയൊരു മുഖവുമായി മോഹൻലാൽ മലയാള സിനിമയിലേക്ക് എത്തുന്നത്. ലാലിന്റെ മുഖത്തെ കൗതുകവും വിസ്മയവുമാണ് ഇന്നും ആ നടനെ സിനിമയുടെ പ്രീയങ്കരനാക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമയുടെ കൗതുകവും വിസ്മയവുമെല്ലാം ആസ്വദിക്കാനായത് മോഹൻലാൽ എന്ന നടനെ കണ്ടുകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഒരു മലയാള സിനിമ 100 കോടി ക്ലബിൽ ഇടം നേടുന്നത്. ഇപ്പോൾ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്ന പുലിമുരുകൻ കേരളത്തിൽ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചേക്കും. ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മോഹൻലാലിൻറെയും മലയാള സിനിമയുടെ ഏറ്റവും വലിയ ഹിറ്റാകുമ്പോൾ അത് മലയാളാ സിനിമയെ തന്നെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്.