പഴയ കൂട്ടുകാരനെ കൈവിട്ട് മോഹൻലാൽ, ആന്റണി പെരുമ്പാവൂരിന് പിന്തുണ

നിഹാരിക കെ.എസ്

ശനി, 15 ഫെബ്രുവരി 2025 (09:54 IST)
പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നടൻ മോഹൻലാൽ. ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് മോഹൻലാൽ പിന്തുണ അറിയിച്ചത്. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. 
 
നേരത്തെ, പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. ജൂണ്‍ ഒന്ന് മുതല്‍ സിനിമാമേഖല പണിമുടക്കിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പ്രതികരണവുമായാണ് ആന്റണി പെരുമ്പാവൂർ എത്തിയത്.
 
തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ് എന്നായിരുന്നു ആന്റണി പറഞ്ഞത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍